ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. ആദ്യ അപകടം ഉണ്ടായശേഷം അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്. സിഗ്‌നൽ സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേക്ക് കഴിഞ്ഞില്ല.
ഒഡീഷയിൽ ഉണ്ടായത് പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്‌തമാക്കി. ഒഡീഷക്ക് കൂടുതൽ സഹായം വാഗ്‌ദാനം ചെയ്‌ത കേന്ദ്രം, വേണ്ടിവന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അപകട സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
‘ഇതൊരു വലിയ ദുരന്തമാണ്. റെയിൽവേ , എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവക്കൊപ്പം സംസ്‌ഥാന സർക്കാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വിശദമായ ഉന്നതതല അന്വേഷണം നടത്തും. ഒപ്പം റെയിൽവേ സുരക്ഷാ കമ്മീഷണർ സ്വതന്ത്ര അന്വേഷണവും നടത്തും’- കേന്ദ്ര റെയിൽവേ മന്ത്രി വ്യക്‌തമാക്കി. അപകടത്തിന്റെ വ്യാപ്‌തി ഇനിയും വർധിച്ചേക്കുമെന്നാണ് സംസ്‌ഥാന സർക്കാരും പറയുന്നത്.
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ട്. ഇതിനുള്ളിൽ ഒട്ടേറെപ്പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. നിലവിൽ 233 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. മരണസംഘ്യ ഇനിയും ഉയർന്നേക്കും. 900-ത്തിലധികം പേർക്ക് പരിക്കേറ്റു.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷനു സമീപം പാളംതെറ്റി തൊട്ടടുത്ത ട്രാക്കിലേക് മറിഞ്ഞ ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്‌സ്‌പ്രസ് ഇടിച്ചു കയറുകയായിരുന്നു. മറിഞ്ഞുകിടന്ന കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ ഗുരുതരവസ്‌ഥയിൽ ഉള്ളവർക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 36 ട്രെയിനുകൾ വഴിതിരിച്ചുവിടും. ട്രെയിൻ അപകട പശ്‌ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ സംസ്‌ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Most Read: ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും; ലഭിക്കുക ഒരുമാസത്തേത്