തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും. സംസ്‌ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻ കൂടി നൽകാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടന്നിരുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷനാണ് ജൂൺ എട്ടുമുതൽ വിതരണം ചെയ്യുക.
അതിനിടെ, കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഗ്രാന്റിനത്തിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിന് പുറമേയാണിതെന്ന് ധനവകുപ്പ് പറയുന്നു.
സാമ്പത്തിക സ്‌ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെൻഷൻ മുടങ്ങാതെ നൽകാവുന്ന സ്‌ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സർക്കാർ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നൽകാനായിട്ടില്ല.
Most Read: കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ളത് പ്രതി തന്നെയെന്ന് സ്‌ഥിരീകരണം