ന്യൂഡെൽഹി: ഇന്ത്യയിൽ 26 ഒമൈക്രോൺ കേസുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ആണ് ഇക്കാര്യം അറിയിച്ചത്.
ആകെ കണ്ടെത്തിയ വകഭേദങ്ങളിൽ 0.04 ശതമാനം മാത്രമാണ് ഒമൈക്രോൺ കേസുകൾ. എല്ലാ കേസുകളിലും ലഘുവായ ലക്ഷണങ്ങളാണ് കാണുന്നത്. 2021 ഡിസംബർ ഒന്ന് മുതൽ 91 അന്താരാഷ്‌ട്ര യാത്രികർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരിൽ 83 പേരും ഹൈ റിസ്‌ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ ജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുവെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി. മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒമൈക്രോൺ ഒരാശങ്കയാണ്. വളരെ അപകടസാധ്യത നിറഞ്ഞ ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വാക്‌സിനും മാസ്‌കുകളും നമുക്ക് പ്രധാനമാണെന്ന് മറന്നുപോകരുതെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോൾ പറഞ്ഞു.
ഇതിനിടെ മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ ഇത് വരെ 11 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ രോഗമുക്‌തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്‌തു.
Also Read: രാജ്യത്ത് 25 വിമാനത്താവളങ്ങള്‍ സ്വകാര്യ വൽകരിക്കുമെന്ന് കേന്ദ്രമന്ത്രി; കോഴിക്കോടും പട്ടികയിൽ