ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി ഉയർത്തുന്ന പശ്‌ചാത്തലത്തിൽ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ഡെൽഹി സർക്കാർ. ഡിസാസ്‌റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ യോഗം നാളെ ചേരും. അന്താരാഷ്‌ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമൈക്രോൺ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പാശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പ്രധാന്യമേറും. ലോകത്ത് ഒമൈക്രോൺ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കോവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ മഹാരാഷ്‌ട്ര, ഗുജറാത്ത് ഉൾപ്പടെയുള്ള വിവിധ സംസ്‌ഥാനങ്ങൾ വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പുതിയ കോവിഡ് വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടർന്നാൽ മതി. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ല. വാക്‌സിനേഷൻ നടപടിയെ പുതിയ സാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആർ പറഞ്ഞു.
Most Read: ഹിന്ദുക്കൾ ഇല്ലാതെ ഇന്ത്യയില്ല, രണ്ടിനെയും വേർതിരിക്കാൻ കഴിയില്ല; മോഹൻ ഭാഗവത്