കോഴിക്കോട്: ഓണം ഇങ്ങു അടുത്തെത്തിയെങ്കിലും കിറ്റ് തയ്യാറാക്കാൻ കഴിയാതെ സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ. ഓണത്തിന് മുന്നേ ഓണക്കിറ്റ് വാങ്ങണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. എന്നാൽ, ജില്ലയിൽ ഉത്തരവ് തകിടം മറിയുന്ന രീതിയാണ് കണ്ടുവരുന്നത്. കിറ്റ് തയ്യാറാക്കാൻ അധികൃതർ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നെങ്കിലും കശുവണ്ടിപ്പരിപ്പ്, വറുത്തുപ്പേരി, ഏലക്ക എന്നിവയുടെ പാക്കിങ് അനിശ്‌ചിതത്വത്തിലായി. ഇവ ആവശ്യത്തിന് ലഭിക്കാത്തതാണ് കിറ്റ് വിതരണത്തിലെ തടസം.
ഇവ ലഭിക്കുന്ന മുറയ്‌ക്ക് കൈകൊണ്ട് പാക്ക് ചെയ്‌താണ് കിറ്റിലേക്ക് ഇടുന്നത്. ഇതിന് അധികം സമയം എടുക്കേണ്ടി വരുന്നതായി അധികൃതർ പറയുന്നു. തിങ്കളാഴ്‌ചയോടെ കിറ്റ് പൂർണമായും എത്തിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകുന്നത്. ഈ വിഭാഗത്തിലെ പകുതിയിലേറെ പേർക്ക് ഇനിയും കിറ്റ് ലഭിക്കാനുമുണ്ട്. നിശ്‌ചയിച്ച പ്രകാരം ഏഴാം തീയതിക്കകം പിങ്ക് കാർഡുകാർക്ക് കിറ്റ് വിതരണം പൂർത്തിയാക്കേണ്ടതായിരുന്നു.
ജില്ലയിൽ ഇന്നലെ 37 ശതമാനം പേർക്കാണ് കിറ്റ് വിതരണം ചെയ്‌തത്. മഞ്ഞ കാർഡ് ഉടമകളിൽ 82 ശതമാനം പേർ കിറ്റ് വാങ്ങി. ജില്ലയിൽ മൊത്തം 7,89,601 കാർഡുകളാണ് ഉള്ളത്. അതിൽ 1,47,377 കാർഡ് ഉടമകൾ ഇതുവരെ കിറ്റ് വാങ്ങിട്ടുണ്ട്. ബാക്കി കാർഡുകാർക്ക് വരും ദിവസങ്ങളിൽ കിറ്റ് വിതരണം നടത്തേണ്ടതുണ്ട്.
Read Also: കണ്ണൂരിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു