ദാസേട്ടൻ യാത്രപറഞ്ഞിട്ട് ഒരുവർഷം; ആത്‌മാവിൽ സിനിമനിറച്ച ‘സുരക്ഷാ ചീഫ്’

By Siva Prasad, Special Correspondent (Film)
  • Follow author on
Maranalloor Das _ bodyguard Maranalloor Das
ദാസേട്ടൻ (മാറനല്ലൂർ ദാസ്)
Ajwa Travels

മാറനല്ലൂർ ദാസ്, മണ്ണിലിറങ്ങിയ താരങ്ങളുടെയും ചിത്രീകരണ സ്‌ഥലങ്ങളുടെയും സെക്യൂരിറ്റി ചീഫ് ലോകത്തോട് വിടപറഞ്ഞിട്ട് ജൂൺ 12ലേക്ക് ഒരുകൊല്ലം പൂർത്തിയാകുന്നു.

ചെറുതും വലുതുമായ എല്ലാ താരങ്ങളുടെയും പ്രയപ്പെട്ട ദാസേട്ടൻ! മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഒട്ടനവധി താരരാജാക്കൻമാർക്കും അവരുടെ ആഘോഷങ്ങൾക്കും സിനിമാ ലോകത്തിന്റെ വിവിധ പരിപാടികൾക്കും സുരക്ഷ ഒരുക്കിയിരുന്ന ഭടൻമാരുടെ തലവൻ!

അഭിനയ മോഹവുമായി സിനിമയിലെത്തിയ ദാസേട്ടൻ രണ്ടു ദശാബ്‌ദത്തോളം കാലം സിനിമാ ലോകത്തിന്റെ വെളിച്ചങ്ങൾക്ക് പിറകിൽ നിന്നുകൊണ്ട് സുരക്ഷയൊരുക്കി! ഇടയിൽ, ദാസേട്ടന്റെ അഭിനയ മോഹമറിയുന്ന ചില സംവിധായകർ നൽകിയ ചെറിയ വേഷങ്ങളിൽ മുഖവും കാണിച്ചിരുന്നു!

ഇതൊക്കെ ആയിരിക്കുമ്പോഴും, ശാന്തിയുടെയും വിവേകത്തിന്റെയും സ്വാതിക ഭാവത്തോടെ ജീവിച്ച മനുഷ്യൻ! കൂടെയുണ്ടായിരുന്ന 100 കണക്കിന് സുരക്ഷാ ജീവനക്കാർക്ക് തണലാകുമ്പോഴും തനിക്കായോ തന്റെ കുടുംബത്തിനായോ ‘പണമായി’ ഒന്നും മാറ്റിവെക്കാതെ കടന്നുപോയ ദാസേട്ടൻ!

2017ലെ IFFK സമയത്ത് ‘മാതൃഭൂമി ന്യൂസ്’ ദാസേട്ടനുമായി നടത്തിയ അഭിമുഖം ഇവിടെ കാണാം

തന്റെ രോഗങ്ങളും വേദനകളും ഇല്ലായ്‌മകളും സംഘർഷങ്ങളായി വേട്ടയാടുമ്പോഴും സുരക്ഷാ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യാതെ ജോലിനോക്കിയിരുന്ന ദാസേട്ടൻ! കൃത്യമായ ഭക്ഷണവും ഉറക്കവും മരുന്നുകളും വേണ്ടിയിരുന്ന രോഗങ്ങൾ തന്നെ വേട്ടയാടുമ്പോഴും, അതൊന്നും ആരെയും അറിയിക്കാതെ ഏറ്റെടുക്കുന്ന ജോലിയിൽ ഭ്രാന്തമായി മുഴുകിയ മനുഷ്യൻ! അസ്‌ഥിയുരുകുന്ന വേദന തന്നെവേട്ടയാടുമ്പോഴും സിനിമാലോകത്തിന്റെ സുരക്ഷക്കായി രാവും പകലും ഓടിനടന്ന മനുഷ്യൻ! ഇതൊക്കെയായിരുന്നു മാറനല്ലൂർ ദാസ് എന്ന ദാസേട്ടൻ!

മിക്കവരെയും പോലെ, ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ ചെറുപ്രായത്തിൽ ഗൾഫിലേക്ക് ചേക്കേറിയ ദാസേട്ടന് സിനിമ ജീവനായിരുന്നു. അതുകൊണ്ടു തന്നെ, മസ്‌ക്കറ്റിൽ ജോലിനോക്കുമ്പോഴും അഭിനയത്തോടുള്ള അടങ്ങാത്ത മോഹവുമായി ആ പരിസരത്തുവരുന്ന എല്ലാവരെയും പോയികാണുമായിരുന്നു ദാസേട്ടൻ. സിനിമയില്ലാത്ത ജീവിതം ചിന്തിക്കാൻ കഴിയാത്ത ദാസേട്ടൻ 5 വർഷത്തെ പ്രവാസം മതിയാക്കി തിരികെ നാട്ടിലെത്തി.

Maranalloor Das with Mammootty
മമ്മൂക്കക്ക് ഒപ്പം

ശേഷം, കിരീടം ഉണ്ണിയേട്ടൻ വഴി അഭിനയലോകത്ത് കയറിപ്പറ്റാൻ നിരവധിശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പലപ്പോഴും ചെറിയ ചെറിയ വേഷങ്ങളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി! എങ്കിലും നിരന്തരം സിനിമയോടൊപ്പം അദ്ദേഹം സഞ്ചാരം തുടർന്നു! പിന്നീടെപ്പോഴോ ആണ് സിനിമയുടെ സുരക്ഷാ കാര്യങ്ങളിലേക്ക് വഴിതെളിയുന്നത്. അസാധാരണമായ ഇദ്ദേഹത്തിന്റെ ഉയരം ഒരു കരണമായിട്ടുണ്ടാകാം. എന്തായാലും, ഒരു നിയോഗം പോലെ വന്നുചേർന്ന ആ പ്രൊഫഷനെ 20 കൊല്ലം ജീവനായി സ്‌നേഹിച്ചു ദാസേട്ടൻ.

IFFK ഉൾപ്പടെയുള്ള നിരവധി രാജ്യാന്തര ചലച്ചിത്ര മേളകൾ, മെഗാ സ്‌റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ചിത്രീകരണ സ്‌ഥലങ്ങൾ, ഉൽഘാടന വേദികൾ തുടങ്ങി എല്ലായിടത്തും ദാസേട്ടന്റെയും സംഘത്തിന്റെയും കാവലുണ്ടായിരുന്നു. പക്ഷെ, ഓരോ പരിപാടികളും തീർന്ന് കണക്കു നോക്കുമ്പോൾ കയ്യിലൊന്നും കാണില്ല. എങ്കിലും തളരാതെ, പരാതികളില്ലാതെ വീണ്ടും ഏൽപിക്കുന്ന ജോലി ലാഭനഷ്‌ട കണക്കുകൾ നോക്കാതെ ഏറ്റെടുക്കും.

Maranalloor Das with Mohanlal
ലാലേട്ടനൊപ്പം

അങ്ങനെ, നീണ്ട 20 കൊല്ലം മലയാളം-തമിൾ-ഹിന്ദി സിനിമാലോകത്ത് സുരക്ഷയൊരുക്കിയ ദാസേട്ടൻ തന്റെ 50 വയസുപോലും പൂർത്തീകരിക്കാതെ ഹെപ്പറ്ററ്റിസ് മൂലമുള്ള കരൾ രോഗത്തിന് കീഴടങ്ങി യാത്രപറയുമ്പോൾ തനിക്കും കുടുംബത്തിനുമായി ഒരു സുരക്ഷയും ഒരുക്കിയിരുന്നില്ല! ബന്ധങ്ങളുടെ നീണ്ട കണക്കുബുക്കുകളുംസ്‌നേഹത്തിന്റെ കുറെയേറെ ഇഴകളും തുന്നിച്ചേർത്തതല്ലാതെ 20 കൊല്ലംകൊണ്ട് 1 രൂപ പോലും ബാങ്ക് ബാലൻസ് ഉണ്ടാക്കിയിരുന്നില്ല ദാസേട്ടൻ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരവേയാണ് കഴിഞ്ഞ വർഷം ജൂൺ 12ന് ദാസേട്ടൻ മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലെ വാടകവീട്ടിൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്ളസ് 1ൽ പഠിക്കുന്ന മകളും, പത്തിൽ പഠിക്കുന്ന മകനും ദാസേട്ടന്റെ ഭാര്യ ഷൈജയും ജീവിതത്തെ മുന്നോട്ടുതുഴയുന്നു.

Maranalloor Das with Actor Surya
സൂര്യക്കൊപ്പം

സിനിമാലോകത്തിന് സുരക്ഷയുടെ കരുത്തുറ്റ മതിലുകൾ തീർത്ത മാറനല്ലൂർ ദാസിനെ ഗൂഗിൾ ചെയ്‌താൽ ആയിരത്തിലധികം വാർത്തകളിൽ ഇദ്ദേഹത്തെ നമുക്ക് കാണാം. പക്ഷെ, യഥാർഥ ജീവിതത്തിൽ കർക്കശ്യങ്ങളില്ലാത്ത സ്‌നേഹ സ്‌പർശനം കൊണ്ട് മുദ്രചാർത്തി കടന്നുപോയ വ്യക്‌തിയാണ്‌ ദാസേട്ടൻ. പ്രിയപ്പെട്ട ദാസേട്ടാ.. സിനിമാലോകത്തിന്റെ ഓർമപ്പൂക്കൾ!

Most Read: ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം; ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE