ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

By News Desk, Malabar News
Online loan fraud; Investigation by Crime Branch
Representational Image
Ajwa Travels

തിരുവനന്തപുരം: ഓൺലൈൻ ആപ്പുകൾ വഴി വർധിച്ചുവരുന്ന തൽസമയ വായ്‌പാ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ ലക്ഷ്യം വെച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടുക്കാൻ ഡിജിപിയാണ് നടപടി എടുത്തിരിക്കുന്നത്. അന്വേഷണത്തിൽ സിബിഐയുടെയും ഇന്റർപോളിന്റെയും സഹായം തേടും. മൊബൈൽ ആപ്പുകൾ വഴി ജനങ്ങൾ വായ്‌പ എടുക്കരുതെന്നും ഡിജിപി നിർദ്ദേശിച്ചു.

സംസ്‌ഥാനത്ത്‌ മൊബൈൽ ആപ്പുകൾ വഴി കൊള്ളപ്പലിശക്ക് വായ്‌പ നൽകുന്ന ആപ്പുകൾ നിരവധിയുണ്ട്. ഇവരുടെ കെണിയിൽ അകപ്പെട്ടവരുടെ എണ്ണവും കുറവല്ല. പരാതികൾ വർധിച്ചതോടെയാണ് വിഷയത്തിൽ പോലീസ് മേധാവി അടിയന്തരമായി ഇടപെട്ടത്. ഹൈടെക് ക്രൈം എൻക്വയറി സെല്ലും അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിനെ സഹായിക്കും. അതിവേഗ വായ്‌പാ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് വിദേശികൾ ഉൾപ്പെട്ട സംഘമാണെന്നാണ് കണ്ടെത്തൽ.

ആപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ സഹായിക്കാൻ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള ആളുകളുമുണ്ട്. അതിനാൽ ഇന്റർപോൾ, സിബിഐ, തെലുങ്കാന-ആന്ധ്രാ പോലീസ് എന്നിവരുടെ സഹായത്തോടെയാകും അന്വേഷണം. ഇത്തരം ആപ്പുകൾ വഴി ആരും വായ്‌പ എടുക്കരുതെന്നും നിയമവിരുദ്ധമാണെന്നും ഡിജിപി ആവർത്തിച്ചു.

തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ ഐഎസ്ആർഒ ജീവനക്കാരന്റെ ആത്‌മഹത്യക്ക് പിന്നിലും വായ്‌പാ ആപ്പുകളുടെ പങ്ക് വ്യക്‌തമായിരുന്നു. അമിതപലിശ കാരണം പണം തിരിച്ചടക്കാനാവാതെ ആത്‍മഹത്യ ചെയ്‌തതാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വായ്‌പാ തട്ടിപ്പ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതെന്നും ഡിജിപി വ്യക്‌തമാക്കി.

വ്യക്‌തികളും ചെറുകിട ബിസിനസുകാരും വേഗത്തിലും തടസ രഹിതവുമായ വായ്‌പ വാഗ്‌ദാനം നൽകുന്ന ഇത്തരം ആപ്പുകളുടെ തട്ടിപ്പിന് ഇരയാകുന്നുവെന്ന പരാതി ഉയർന്നതോടെ നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തിരിച്ചടവ് മുടങ്ങുകയാണെങ്കിൽ വളരെ അപകടകരവും അസ്വീകാര്യവുമായ റിക്കവറി രീതികളാണ് ഇത്തരം പ്ളാറ്റ്‌ഫോമുകളിലെ ഏജന്റുമാർ സ്വീകരിക്കുന്നത്. വായ്‌പ എടുക്കുന്നവരുടെ ഫോണിലെ ഡാറ്റ അനധികൃതമായി സ്വന്തമാക്കി അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി വായ്‌പാ ആപ്പുകൾ പോലീസ് കണ്ടെടുക്കുകയും അതിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ, പൂർണമായും തടയാനായിട്ടില്ല. ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

Also Read: കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനും നൽകണം; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE