കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗ്; രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെ

By Team Member, Malabar News
Mlabarnews_onlineshoping
Representational image
Ajwa Travels

മനുഷ്യന്റെ ജീവിതരീതികളെ തന്നെ മാറ്റിമറിക്കുകയാണ് കോവിഡ് 19. ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തൊഴിലിടങ്ങള്‍, ഭക്ഷണരീതികള്‍ തുടങ്ങിയവയിലെല്ലാം കോവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ പ്രകടമാണ്. ഇത്തരം എടുത്തു പറയത്തക്ക മാറ്റങ്ങള്‍ സംഭവിച്ച ഒരിടം, ഷോപ്പിംഗ് താല്പര്യങ്ങളും ഷോപ്പിംഗ് രീതികളുമാണ്. എന്ത് വാങ്ങിക്കണം?എങ്ങനെ വാങ്ങിക്കണം?എന്നതൊക്കെ ഇന്ന് നിയന്ത്രിക്കുന്നത് നമ്മളല്ല, മറിച്ച് ഒരിത്തിരി കുഞ്ഞന്‍ വൈറസാണ്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ നമ്മള്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങളോ? ഭൂരിഭാഗവും വീട്ടിലിരുന്ന് തന്നെ രോഗനിര്‍ണയം സാധ്യമാകുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും. പരിശോധനകള്‍ നടത്തുന്നതിനായ് ആരോഗ്യകേന്ദ്രങ്ങളിലേക്ക്, എന്തിന് പുറത്തേക്ക് പോലും പോകാന്‍ സാധാരണ ജനങ്ങള്‍ പേടിക്കുന്നതുകൊണ്ടാണ് ഇത്തരം ഉപകരണങ്ങളുടെ വില്പന വര്‍ദ്ധിക്കുന്നതെന്നാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീല്‍ പറയുന്നത്. കഴിഞ്ഞ നാലുമാസം കൊണ്ട് (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) രോഗനിര്‍ണയത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെയും ആരോഗ്യനില പരിശോധിക്കാനുള്ള ഉപകരണങ്ങളുടെയും വില്പന വളരെയധികം കൂടിയിരിക്കുകയാണ്. പള്‍സ് ഓക്‌സിമീറ്ററുകള്‍ക്കും ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍ക്കും ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍ക്കും ഗ്ലൂക്കോമീറ്ററുകള്‍ക്കുമാണ് സ്‌നാപ്ഡീലില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍.

സ്‌നാപ്ഡീലില്‍ മാത്രമല്ല ഫ്‌ലിപ്കാര്‍ട്ടിലും ഇത്തരം ഉപകരണങ്ങളുടെ വില്പന വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഫ്‌ലിപ്കാര്‍ട്ടിലെ പള്‍സ് ഓക്‌സിമീറ്ററുകളുടെ വില്പന 23 ശതമാനവും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെ വില്പന 26 ശതമാനവുമാണ് കൂടിയത്. മെട്രോ നഗരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ലക്‌നൗ, ചക്പഞ്ചിറ, ബൊതാഡ്, പാറ്റ്‌ന എന്നിവിടങ്ങളിലാണ് ഇത്തരം ഉപകരണങ്ങളുടെ ആവശ്യക്കാരേറിയിരിക്കുന്നത്. കൊളസ്‌ട്രോള്‍ അളക്കുന്ന ഉപകരണങ്ങള്‍, നെബുലൈസറുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍, ഇന്‍സുലിന്‍ പമ്പുകള്‍ തുടങ്ങിയവയൊക്കെ ഫ്‌ലിപ്കാര്‍ട്ടിലൂടെ വാങ്ങിക്കുന്നവരുടെ കണക്ക് അനുദിനം വര്‍ദ്ധിക്കുകയാണ്. മുന്‍കരുതലുകളുടെയും സുരക്ഷയുടെയും ഭാഗമായാണ് ആളുകള്‍ ഇത്തരം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.

കോവിഡ് സ്ഥിരീകരണത്തിന് ശേഷം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയ പള്‍സ് ഓക്‌സിമീറ്ററുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മിക്ക കമ്പനികളും 2,000 രൂപയില്‍ താഴെയാണ് ഇവ വിറ്റഴിക്കുന്നതെന്നതും ഓക്‌സിമീറ്ററുകളുടെ വില്പന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. മെട്രോ നഗരങ്ങളായ ഡല്‍ഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് വില്പന കൂടുതലും നടക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ മാത്രമല്ല ന്യൂട്രീഷന്‍ സപ്ലിമെന്റുകള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കും കോവിഡിന് മുന്‍പുള്ള മാസങ്ങളെക്കാള്‍ ആവശ്യക്കാരേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE