അയ്യപ്പ ഭക്‌തരുടെ മുറിവുണക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

By News Desk, Malabar News
Oommen chandy about sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നൽകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മൻ‌ചാണ്ടി കത്ത് നൽകി. വിഷയത്തിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയും തുടർന്ന് വിധി അടിച്ചേൽപിക്കാൻ സർക്കാർ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തിൽ മുറിവുണ്ടാക്കിയെന്ന് ഉമ്മൻ‌ചാണ്ടി ചൂണ്ടിക്കാട്ടി. അഗാധമായ ഈ മുറിവ് ശാശ്വതമായി ഉണക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ യുഡിഎഫ് സർക്കാർ 2016ൽ സമർപ്പിച്ച സത്യവാങ് മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്‌ഥാപന നിയമം 31ആം വകുപ്പ് എന്നിവ അടിസ്‌ഥാനമാക്കി പുതിയ ഹരജി നൽകണമെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്.

1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്‌ഥാപന നിയമത്തിലെ വ്യവസ്‌ഥകളും 1991 ഏപ്രിൽ അഞ്ചാം തീയതിയിലെ കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാര വിശ്വാസങ്ങൾക്കെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 2016 ഫെബ്രുവരി 4ന് അന്നത്തെ യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ് മൂലത്തിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ ദർശന അനുമതി നൽകുന്നതിന് എതിരെ നിയമപരമായും ആചാരപരമായുമുള്ള വാദങ്ങൾ വ്യക്‌തമായി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

എന്നാൽ, ഹരജി വാദത്തിന് വന്നപ്പോൾ ഇടതുസർക്കാർ സ്‌ത്രീകൾക്ക് ദർശന അനുമതി നൽകണമെന്ന നിലപാട് ഹരജിക്കാരോടൊത്ത് സ്വീകരിച്ചത് കൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായതെന്ന് ഉമ്മൻ‌ചാണ്ടി കുറ്റപ്പെടുത്തി. കേസിൽ അയ്യപ്പ ഭക്‌തൻമാർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്നീട് നിലപാട് മാറ്റിയത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണെന്നും ഉമ്മൻ‌ചാണ്ടി വിമർശിച്ചു.

സുപ്രീം കോടതി വിധിയും അത് നടപ്പാക്കാൻ പോലീസിനെ ഉപയോഗിച്ച സർക്കാരിന്റെ ശ്രമങ്ങളും കേരളീയ സമൂഹത്തിനും അയ്യപ്പ ഭക്‌തർക്കും മുറിവായി മാറിയെന്നും അത് ഉണക്കാൻ ഇനിയും ഒട്ടും വൈകരുതെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.

Also Read: വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE