വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ

By News Desk, Malabar News
IMA Suggestion to kerala
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും, കോവിഡ് ഐസിയുകള്‍ നിറഞ്ഞു തുടങ്ങുന്നതും കേരളത്തിൽ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതയും ഏര്‍പ്പെടുത്തേണ്ടതിന്റെ സൂചനയാണെന്ന് ഐഎംഎ സയന്റിഫിക് അഡ്‌വൈസർ ഡോ.രാജീവ് ജയദേവന്‍, ഐഎംഎ കൊച്ചി പ്രസിഡണ്ട് ഡോ.ടിവി രവി, സെക്രട്ടറി ഡോ.അതുല്‍ മാനുവല്‍ എന്നിവര്‍ പറഞ്ഞു.

എറണാകുളം ജില്ലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത്. ട്രാവല്‍ ഹബ്ബും, ജനനിബിഡ വാണിജ്യ വ്യാപാര കേന്ദ്രവുമായ എറണാകുളത്ത് മറ്റിടങ്ങളില്‍ നിന്നും വൈറസ് വീണ്ടും എത്തിപ്പെടാന്‍ ഇടയാവുന്നു. ജനങ്ങളുടെ ജാഗ്രതയില്‍ ഇന്ന് കുറവുണ്ടായാല്‍ കണക്കുകളില്‍ മാറ്റം വരുന്നത് ഒരു മാസമെങ്കിലും കഴിഞ്ഞായിരിക്കും. അപ്പോഴേക്കും ലണ്ടനിലേതു പോലെ 35 പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കാം.

ഓരോ ദിവസവും ആയിരം പേര്‍ ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്നു. ആശുപത്രികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടണിൽ അനിശ്‌ചിതകാല ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതൊരു പ്രദേശത്തും കോവിഡ് മൂലം ആശുപത്രികള്‍ നിറയുന്നു എന്നുവന്നാല്‍ ലോക്ക്‌ഡൗൺ വേണ്ടി വന്നേക്കാം. എന്നാല്‍ സമ്പന്ന രാഷ്‌ട്രമായ ബ്രിട്ടണെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന് ഇനി ഒരു ലോക്ക്‌ഡൗൺ താങ്ങാന്‍ സാധിക്കുമോ എന്ന് സംശയമുണ്ട്.

ഒരു പ്രദേശത്തുള്ളവരില്‍ ഒരിക്കല്‍ രോഗം വന്നു ഭേദമായാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്നും പിന്നീട് ആ ഭാഗത്ത് രോഗം വരില്ല എന്ന ധാരണയും ഇപ്പോള്‍ പുതിയ വകഭേദങ്ങളുടെ വരവോടെ തിരുത്തപ്പെട്ടിരിക്കുന്നു. പാന്‍ഡാമിക് കര്‍വ്വ് (curve ) ഒരു കുന്നു കയറി ഇറങ്ങുന്നതു പോലെയാണെന്ന് കഴിഞ്ഞ വര്‍ഷം ഏറെ പേര്‍ കരുതിയിരുന്നു. കുന്നിറങ്ങിയാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ കിട്ടും, അപ്പോള്‍ എല്ലാം ശരിയായി എന്നും അവര്‍ വിശ്വസിച്ചു.

എന്നാല്‍, ഇത് ഒരു കുന്നു മാത്രമല്ല അതിനപ്പുറം നിരവധി കയറ്റവും ഇറക്കവും അടങ്ങിയ ഒരു പർവതം (mountain range) തന്നെയാണെന്ന് ഇപ്പോള്‍ നമുക്കു മനസിലായി തുടങ്ങി. തീവ്രമായി രോഗം ‘വന്നു പോയ’ ഇടങ്ങളില്‍ കൂടുതല്‍ ശക്‌തിയോടെ ഇന്ന് രോഗം താണ്ഡവമാടുന്നു. അതേ അവസ്‌ഥ വരും മാസങ്ങളില്‍ ഇവിടെ ആവർത്തിക്കാതിരിക്കാൻ എറെ മുന്‍കരുതലുകള്‍ വേണ്ടി വരും.

വൈറസ് വ്യാപനം പൂര്‍ണമായും തടയുന്നില്ലെങ്കിലും, വൈറസ് ബാധിച്ചാല്‍ തീവ്ര രോഗം വരാതെയുള്ള സുരക്ഷിതമായ, വ്യക്‌തിഗതമായ സംരക്ഷണം വാക്‌സിന്‍ നല്‍കുന്നു. തൻമൂലം വാക്‌സിന്‍ എടുത്തവരും രോഗം പരത്താന്‍ ഇടയുണ്ട് എന്ന് മറക്കരുത്. അതിനാല്‍ വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച രീതികളാണ് നാം ഇപ്പോള്‍ പിന്തുടരേണ്ടത്.

കൂടിച്ചേരലുകൾ എന്തിന്റെ പേരിലാണെങ്കിലും കർശനമായി മാറ്റിവെക്കണം. അവനവന്റെ സോഷ്യൽ ബബിള്‍ (social bubble) അഥവാ അടുത്ത് ഇടപഴകുന്നവരുടെ സംഖ്യ പരമാവധി ചുരുക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കണം. പ്രായമായവരെ സംരക്ഷിക്കുകയും അവര്‍ക്ക് വാക്‌സിന്‍ എത്തിച്ചു കൊടുക്കുകയും വേണം.

വ്യക്‌തിപരമായ അസൗകര്യങ്ങള്‍ ഓരോരുത്തരും സഹിക്കാതെ ഒരു എളുപ്പവഴിയും ഇവിടെയില്ല എന്നതാണ് പച്ചയായ യാഥാര്‍ഥ്യം. ഈ മാരക വൈറസിനെതിരെ സമൂഹം ഏറെ നാള്‍ ഒരുമിച്ച് നിന്നാലേ രാജ്യം കോവിഡ് മുക്‌തി നേടൂ എന്നും ഐഎംഎ കൊച്ചി മുന്‍ പ്രസിഡണ്ട് കൂടിയായ ഡോ.രാജീവ് ജയദേവന്‍ അഭിപ്രായപ്പെട്ടു.

Also Read: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സർക്കാരിനെ വിമർശിച്ച് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE