പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്‌തമായി നടത്തുന്ന ‘ഓപ്പറേഷൻ സേഫ് വേ’ക്ക് ജില്ലയിൽ തുടക്കമായി. റോഡപകടങ്ങൾ കുറക്കാനായി ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സുരക്ഷാ ബോധവൽക്കരണത്തിനാണ് പ്രാധാന്യം നൽകുന്നത്. ‘നിയമങ്ങൾ പാലിക്കൂ, അപകടങ്ങൾ കുറക്കൂ’ എന്ന സന്ദേശവുമായാണ് ഓപ്പറേഷൻ സേഫ് വേ ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കർശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ ദേശീയപാതയിലും സംസ്‌ഥാനാന്തര പാതകളിലും ഗ്രാമീണ റോഡുകളിലും ബോധവൽക്കരണം നടത്തും. ഒപ്പം തന്നെ കർശന പരിശോധനയുടെ ഭാഗമായി എൻഫോഴ്‌സ്‌മെൻറ് വിഭാഗത്തിന്റെ 6 സ്‌ക്വാഡുകൾ വിവിധയിടങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി റോഡിലെ പ്രധാന ഇടങ്ങളിൽ ‘കീപ്പ് ലെഫ്റ്റ് ആൻഡ് സേഫ് ഡ്രൈവ്’ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്‌ഥാപിച്ചിട്ടുണ്ട്.
ഒപ്പം തന്നെ ദേശീയപാതയിലെ സിഗ്‌നൽ മറികടന്ന് പോവുന്ന വാഹനങ്ങൾ പിടികൂടി നിയമ നടപടിക്കും വിധേയമാക്കുന്നുണ്ട്. സർവീസ് റോഡിൽ തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നവർക്കെതിരെയും നടപടിയെടുത്ത് തുടങ്ങി. വാളയാറിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പദ്ധതി ഉൽഘാടനം ചെയ്‌തു. ആർടിഒ പി ശിവകുമാറാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.
Read also : കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട് കണ്ണൂർ