തിരുവനന്തപുരം: ഓപ്പറേഷൻ സൈലൻസിലൂടെ സംസ്‌ഥാനത്ത് വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളില്‍ ശബ്‌ദ, രൂപ മാറ്റം വരുത്തുന്നവരെയും, അമിതവേഗക്കാരെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ ഓപ്പറേഷനുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിലൂടെ നിയമലംഘകരിൽ നിന്നും ഒരാഴ്‌ച കൊണ്ട് ഈടാക്കിയ പിഴത്തുക 86,81,000 രൂപയാണ്.
ഈടാക്കിയ പിഴത്തുകയിൽ 68 ലക്ഷം അനധികൃത രൂപമാറ്റത്തിനും 18 ലക്ഷം അമിത വേഗത്തിനുമാണ്. ഫെബ്രുവരി 14 മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. അമിത വേഗക്കാരെയും അഭ്യാസ പ്രകടനക്കാരെയും കണ്ടുപിടിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് എംവിഡി.
ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക. ഹാന്‍ഡില്‍ ബാര്‍ മാറ്റുക. അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ