തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒട്ടും വിട്ടുവീഴ്‌ച ഇല്ലെന്ന് ഉറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. സമവായ ചർച്ചക്ക് തയ്യാറാകാതെ ഭരണപക്ഷവും നിലപാട് എടുത്തതോടെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. പിന്നാലെ, അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു.
ഇതോടെയാണ് ഈ മാസം 30 വരെ നിശ്‌ചയിച്ച 15ആം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നേരത്തെ പിരിഞ്ഞത്. അതേസമയം, അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നെങ്കിലും ചോദ്യോത്തര വേള തുടർന്നിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ അടിയന്തിര നോട്ടീസ് പരിഗണിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയ കഴിഞ്ഞ രോഗിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവമായിരുന്നു ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സഭ തീരാൻ അഞ്ചു മിനിറ്റ് ശേഷിക്കെ ചോദ്യോത്തരവേള റദ്ദാക്കി. ഇതോടെ, അടിയന്തിര പ്രമേയ നോട്ടീസ് ഒഴിവാക്കി.
സഭ തുടരണമെന്ന കാര്യോപദേശ സമിതി തീരുമാനം ഭേദഗതി ചെയ്‌ത് സമ്മേളനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ നടപടി ക്രമങ്ങളും ഇന്ന് തന്നെ പൂർത്തിയാക്കി സഭ പിരിയണമെന്നാണ് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ധനാഭ്യർഥന ബില്ലുകളും ബജറ്റ് ചർച്ചകളും അതിവേഗം പാസാക്കിയാണ് ഇന്ന് തന്നെ സഭ പിരിയുന്നത്. സഭ നടപടികൾ വരും ദിവസങ്ങളിലും സുഗമമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധനബില്ലുകൾ ഗില്ലറ്റിൻ ചെയ്‌തത്.
പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിലാണ് സ്‍പീക്കർ പ്രതികരിച്ചത്. പൂച്ചയ്‌ക്ക് ആര് മണി കെട്ടുമെന്ന ചോദ്യത്തിന് പൂച്ചയ്‌ക്ക് മണി കെട്ടാൻ ചെയർ തയ്യാറാണെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. സ്‌പീക്കറുടെ റൂളിങ് അവഗണിച്ചു സഭയിൽ നടുത്തളത്തിൽ അഞ്ചു പ്രതിപക്ഷ എംഎൽഎമാരാണ് അനിശ്‌ചിതകാല സത്യഗ്രഹം നടത്തിയത്. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്‌തീൻ, എകെഎം അഷ്റഫ് എന്നിവരാണ് ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കുന്നത്.
Most Read: മുല്ലപ്പെരിയാർ സുരക്ഷ; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും