തൃശൂർ: ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ഭാവഗായകൻ, പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിൽ തന്നെയാണ് നിത്യഹരിത ഗായകന്റെ അന്ത്യവിശ്രമവും.
ചേന്ദമംഗലം പാലിയത്തെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. കുട്ടിക്കാലത്തെ ഓർമകൾ പേറുന്ന പാലിയം തറവാട് പി ജയചന്ദ്രന് എന്നും ഏറെ പ്രിയപ്പെട്ടതായിരുന്നു. സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൻജനാവലി ഉണ്ടായിരുന്നു. മകൻ ദിനനാഥൻ അന്ത്യകർമങ്ങൾ ചെയ്‌ത് ചിതയ്‌ക്ക് തീകൊളുത്തി. ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിന് അവിടെ അവസാനമായി.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീത നാടക അക്കാദമി റീജിണൽ തിയേറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് ഹൗസിലെത്തിച്ചു. ഇന്ന് രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും പൊതുദർശനമുണ്ടായിരുന്നു. തുടർന്നാണ് ചേന്ദമംഗലത്തേക്ക് കൊണ്ടുപോകുന്നത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച രാത്രി 7.54ഓടെയായിരുന്നു പ്രിയ ഗായകന്റെ വിയോഗം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രിയ ഗായകന്റെ വിയോഗത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സിനിമാ- സംഗീത രംഗത്തെ പ്രമുഖർ, വിവിധ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രൻ, ആറുപതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്നു. പ്രണയവയും വിരഹവും ഭക്‌തിയുമൊക്കെ ഭാവപൂർണതയോടെ ആ ശബ്‌ദത്തിൽ തെളിഞ്ഞിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാര്യ: ലളിത, മകൾ: ലക്ഷ്‌മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു