വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം; അദാനിയുടെ ഹരജി ഹൈക്കോടതിയിൽ

രാവിലെ എട്ടരക്ക് തീരനിവാസികളുമായും പത്തരക്ക് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്‌ടറുമായും ചർച്ച നടത്തും

By Trainee Reporter, Malabar News
vizhinjam strike
Representational Image

തിരുവനന്തപുരം: സമരത്തിനിടെ ഉണ്ടായ കനത്ത സംഘർഷത്തെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെയാണ് സർവകക്ഷി യോഗം ചേരുന്നത്. രാവിലെ എട്ടരക്ക് തീരനിവാസികളുമായും പത്തരക്ക് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്‌ടറുമായും ചർച്ച നടത്തും.

മാസങ്ങളായി തുടരുന്ന വിഴിഞ്ഞം തുറമുഖ സമരത്തിൽ ഏറ്റവും സംഘർഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌ത്രീകളും വൈദികരും ഉൾപ്പടെയുള്ള സമരക്കാർ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. പോലീസ് സ്‌റ്റേഷൻ വളഞ്ഞ സമരക്കാർ പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ഫർണിച്ചറുകളും രേഖകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചതോടെ സ്‌ഥലത്ത്‌ കൂടുതൽ സംഘർഷം ഉണ്ടായി. ആക്രമണത്തിൽ 36 പോലീസുകാർക്കും ലാത്തിച്ചാർജിൽ നിരവധി സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 5 ജില്ലകളിൽ നിന്നായി ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എംആർ അജിത് കുമാർ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതൽ എസ്‌പിമാരെയും ഡിവൈഎസ്‌പിമാരെയും നിയോഗിച്ചു.

വിഴിഞ്ഞത്തെ മൽസ്യത്തൊഴിലാളി സമരത്തിൽ പോലീസിനെതിരെ കെസിബിസിയും രംഗത്തെത്തി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാൻ ആവില്ലെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. ജനവികാരം മാനിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയ്യാറാകണമെന്നും കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തതിൽ രൂക്ഷ പ്രതികരണവുമായി ലത്തീൻ അതിരൂപതയും രംഗത്തെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.

അതിനിടെ, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമരം കാരണം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തുറമുഖ സമരം ക്രമാസമാധാനത്തിന് ഭീഷണി ആകരുതെന്നും കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Most Read: വനിതാ ഡോക്‌ടറെ ചവിട്ടിവീഴ്‌ത്തിയ സംഭവം: പ്രതിയെ അറസ്‌റ്റ് ചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE