ചെന്നൈ: ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കന്യാകുമാരി തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേഖവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വർഷങ്ങൾക്ക് ശേഷം നടക്കുന്ന കുംഭാഭിഷേഖ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇതരമത വിശ്വാസികളെ വിലക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ജസ്‌റ്റിസ് പിഎൻ പ്രകാശ്, ജസ്‌റ്റിസ് ഹേമലതഎന്നിവരുൾപ്പെടുന്ന ബെഞ്ച് ഈ ഹരജി തള്ളി. യേശുദാസിന്റെ ഭക്‌തിഗാനങ്ങൾ ക്ഷേത്രത്തിൽ വെക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂർ ദർഗയിലും ഇതര മതസ്‌ഥർക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.
കന്യാകുമാരിക്ക് അടുത്തുള്ള ആദികേശവ പെരുമാൾ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. 418 വർഷങ്ങൾക്ക് ശേഷമാണ് ഈ മാസം 6ന് ഇവിടെ മഹാകുംഭാഭിഷേഖം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള റൂട്ടിൽ ദേശീയപാതയിൽ മാർത്താണ്ഡത്ത് നിന്ന് കുലശേഖരം പോകുന്ന വഴിയിലാണ് ആദികേശവ പെരുമാൾ ക്ഷേത്രം.
Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി