കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ രാഷ്‌ട്രീയ ബന്ധമുള്ളവരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് നടപടി. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.
സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്‌ണു സുര, ശാസ്‌താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ തള്ളിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്. കേസ് സിബിഐക്ക് വിടാതിരിക്കാൻ സുപ്രീം കോടതി വരെ പോയവരാണ് പ്രതികൾ. ഇവർക്ക് ഉന്നത രാഷ്‌ട്രീയ സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ അഞ്ച് പേരുടെയും അറസ്‌റ്റിന് പിന്നിൽ ഗൂഢോദ്ദേശമുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലെ സാക്ഷികളെ പോലും ഒരു തെളിവും ഇല്ലാതെ പ്രതികളാക്കിയെന്നാണ് ആക്ഷേപം. എത്ര കർശനമായ ജാമ്യ വ്യവസ്‌ഥകളും അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്‌തമാക്കി.
2019 ഫെബ്രുവരി 17ന് രാത്രിയാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുത്തത്.
സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെയും കേസില്‍ ഈയിടെ പ്രതി ചേര്‍ത്തിരുന്നു. ഇരുപതാം പ്രതിയാണ് കുഞ്ഞിരാമന്‍. കസ്‌റ്റഡിയിൽ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ്.
കേസിൽ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി. പെരിയയിലേത് രാഷ്‌ട്രീയ കൊലപാതകമാണ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
Most Read: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ