കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരെത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്‌റ്റ് തടഞ്ഞിരുന്നു. കേസിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും
പരാതിക്കാർ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് പ്രതികൾ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി.
അതേസമയം മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റോയ് പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്‌ഥൻ ഇതിനു പിന്നിൽ ഉണ്ടെന്നു ഹരജിയിൽ പറയുന്നു.
എന്നാൽ കേസിലെ പ്രതിയായ അഞ്‌ജലി ഇരകളെ ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. അഞ്‌ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ച് അറിയാമെന്നും പോലീസ് എന്തുകൊണ്ടാണ് ഇവരെ അറസ്‌റ്റ് ചെയ്യാത്തതെന്നും പരാതിക്കാരി ചോദിക്കുന്നു.
Most Read: യുക്രെയ്‌ൻ ആക്രമിച്ചാൽ ശക്‌തമായി തിരിച്ചടിക്കും; ബൈഡന്റെ മുന്നറിയിപ്പ്