വാഷിങ്ടൺ: റഷ്യ യുക്രെയ്‌ൻ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സൈന്യം പിൻമാറിയെന്ന റഷ്യയുടെ വാദം ബൈഡൻ തള്ളി. യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്‌ഥിരപ്പെടുത്താൻ അമേരിക്കക്ക് പദ്ധതിയില്ലെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയ്‌ക്കോ നാറ്റോ രാജ്യങ്ങൾക്കോ യുക്രെയ്‌നിൽ മിസൈലുകളില്ല. മിസൈലുകൾ അയക്കാനും പദ്ധതിയില്ല. യുക്രെയ്‌ൻ റഷ്യക്ക് ഭീഷണിയല്ല. യുക്രെയ്‌ൻ ആക്രമിച്ചാൽ അനാവശ്യമായ മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അതേസമയം, സൈനിക നടപടിയിലേക്ക് നീങ്ങില്ലെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. യുക്രെയ്‌ൻ അതിർത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിൻവലിച്ചുവെന്നും പുടിൻ പറഞ്ഞു. ചർച്ചക്ക് സന്നദ്ധത അറിയിച്ചുവെങ്കിലും നാറ്റോയ്‌ക്ക് എതിരായ നിലപാട് പുടിൻ ശക്‌തമായി ആവർത്തിച്ചതോടെ യൂറോപ്പിലെ യുദ്ധഭീതി തുടരുകയാണ്.
സംഘർഷത്തിന് അയവുണ്ടായി എന്ന് നാറ്റോ വ്യക്‌തമാക്കിയിട്ടുണ്ട്. മണിക്കൂറുകൾക്കകം യുക്രെയ്‌ന് മേൽ റഷ്യൻ അധിനിവേശം ഉണ്ടാകുമെന്ന ഭീതിക്കിടെ ജർമൻ ചാൻസലർ ലാവ്‌ഷോൾസ് ലാഫ് ഷോൾസ്
മോസ്‌കോയിൽ എത്തി പുടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സൈനിക നീക്കം ഒഴിവാക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ട ചാൻസലർ യുക്രെയ്‌ന്റെ പരമാധികാരത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും വ്യക്‌തമാക്കി.
വിഷയത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ സന്ദേശം ലാവ്‌ഷോൾസ് പുടിനെ നേരിട്ടറിയിച്ചു, സൈനിക നടപടിക്കായി തുനിഞ്ഞാൽ റഷ്യ വൻ ഉപരോധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പുടിൻ നാറ്റോ റഷ്യയുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി. നാറ്റോ വിപുലീകരണം പാടില്ല എന്നതുൾപ്പടെ റഷ്യൻ ആവശ്യങ്ങളോട് ക്രിയാത്‌മകമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പുടിൻ പറഞ്ഞു.
യുക്രെയ്‌ന് നാറ്റോ അംഗത്വം നൽകരുതെന്നും ഇതിൽ ഉടൻ തീരുമാനം വേണമെന്നും പുടിൻ ആവശ്യപ്പെട്ടു.സൈനിക വിന്യാസം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും വിഷയത്തിന്റെ പുരോഗതി വിലയിരുത്തി നടപടിയെടുക്കും എന്നാണ് പുടിൻ പറയുന്നത്. അമേരിക്കയുമായും നാറ്റോയുമായും ചർച്ചക്ക് തയ്യാറാണെന്നും പുടിൻ വ്യക്‌തമാക്കി. റഷ്യ ഉയർത്തുന്ന പ്രശ്‌നങ്ങളിൽ ചിലത് ചർച്ച ചെയ്യേണ്ടതാണെന്ന് ജർമൻ ചാൻസലറും പ്രതികരിച്ചു. ചർച്ചകൾക്കുള്ള റഷ്യൻ സന്നദ്ധത ശുഭസൂചനയാണെങ്കിലും യുക്രെയ്‌ൻ അതിർത്തിയിലെ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ വ്യക്‌തമാക്കി.
Most Read: ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി