തിരുവനന്തപുരം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ച് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ശാസ്‌ത്രീയ തെളിവുകളും, മൊഴികളും അടക്കമുള്ളവ പോലീസ് ശേഖരിച്ചു.
വിസ്‌മയയുടെ സഹപാഠികൾ, സുഹൃത്തുക്കൾ, കിരണിന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നിവരിൽ നിന്നാണ് മൊഴികൾ ശേഖരിച്ചത്. കൂടാതെ ഫോൺ വിവരങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കേസിന്റെ അന്വേഷണത്തിലും, കുറ്റപത്രത്തിലും നിർണായകമായി മാറും. നിലവിൽ പരമാവധി തെളിവുകൾ ശേഖരിച്ചതിനാൽ കിരണിനെ ഇനി കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യതയില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
90 ദിവസത്തിന് മുൻപായി കുറ്റപത്രം സമർപ്പിച്ച് കിരണിന്റെ സ്വാഭാവിക ജാമ്യം തടയുകയാണ് പോലീസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ശാസ്‌ത്രീയ തെളിവുകൾ ഉൾപ്പടെ ശേഖരിച്ചത്. നിലവിൽ സ്‌ത്രീധനപീഡന മരണവുമായി ബന്ധപ്പെട്ട 304 ബി വകുപ്പാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതനുസരിച്ചുള്ള കുറ്റപത്രമാകും ആദ്യം സമർപ്പിക്കുക. കൂടാതെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രവും സമർപ്പിക്കും.
നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുകയാണ് കിരൺ കുമാർ. കഴിഞ്ഞ ദിവസം ശാസ്‌താംകോട്ട കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി 26ആം തീയതി വീണ്ടും പരിഗണിക്കുകയും ചെയ്യും.
Read also : സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്