കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ രണ്ട് സ്‌ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവാണ് പിടികൂടിയത്. ചെറുകിട വിൽപ്പനക്കാർക്ക് വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർഗോഡ് ചൗക്കി, ബദിയടുക്ക എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ചൗക്കിയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് 22 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വാഹന പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പത്ത് പാക്കറ്റുകളിലായാണ് ഓട്ടോയിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓട്ടോയിൽ ഉണ്ടായിരുന്ന നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്‌റ്റിലായത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് അബ്‌ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന ബദിയടുക്കയിലെ ക്വാർട്ടേഴ്‌സിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 23 കിലോ കഞ്ചാവ് ഇവിടെ നിന്നും കണ്ടെടുത്തത്. വൻകിട കഞ്ചാവ് സംഘത്തിലെ ഏജന്റുമാരാണ് മൂന്ന് പേരും. അഹമ്മദ് കബീര്‍ കാസർഗോഡ് ദാവൂദ് വാഹക്കേസിലെ പ്രതിയാണ്. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Most Read: 13കാരന് പീഡനം; ഡോക്‌ടർക്ക് ആറ് വർഷം കഠിനതടവ്