തിരുവനന്തപുരം: ജില്ലയിലെ പൂവാർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പൂവാർ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ജെഎസ് സനലിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്ഐയെ സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം പൂവാർ സ്വദേശിയായ സുധീർ ഖാനാണ് കസ്‌റ്റഡിയിൽ കൊടിയ പീഡനം നേരിടേണ്ടി വന്നത്. ബീമാ പള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട ശേഷം പൂവാര്‍ ജംഗ്ഷനിൽ നില്‍ക്കുമ്പോഴാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബൈക്ക് യാത്രക്കിടെ മൂത്രമൊഴിക്കാനായി പമ്പിന് സമീപം ബൈക്ക് നിർത്തി റോഡിന് താഴേക്കിറങ്ങി. ഈ സമയം ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്ഐ സനലും സംഘവും സുധീറിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തു.
കാര്യം പറഞ്ഞ സുധീറിനോട് പോലീസ് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ലൈസൻസും മറ്റും എടുക്കാനായി തിരിഞ്ഞ സുധീറിനെ പോലീസുകാർ ലാത്തി വെച്ച് അകാരണമായി അടിക്കുകയായിരുന്നു. ശേഷം കസ്‌റ്റഡിയിൽ എടുത്ത സുധീറിനെ സ്‌റ്റേഷനിൽ വച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുധീർ നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
രോഗിയായ ഭാര്യയും രോഗ ബാധിതനായ മകൻ ഉൾപ്പടെ 3 മക്കളും അടങ്ങുന്നതാണ് സുധീറിന്റെ കുടുംബം. ഡ്രൈവറായ സുധീറിന്റെ മാത്രം വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. എന്നാൽ നിലവിലെ സംഭവത്തോടെ സുധീർ ശാരീരികമായും മാനസികമായും തകർന്ന അവസ്‌ഥയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ളൈന്റ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
Read also: പുതിയ പ്ളസ് വൺ ബാച്ചുകളില്ല; വിദ്യാർഥികൾ ആശങ്കയിൽ