ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേൽ ഉൾപ്പെടെ ആദ്യ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി തള്ളിയത്. സ്വാഭാവിക ജാമ്യത്തിന് നൽകിയ അപേക്ഷ ആണ് തള്ളിയത്. പ്രതികൾ പുറത്ത് ഇറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കൾ റിബ, റിയ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിന് പിന്നാലെയാണ് പ്രതികൾ ആലപ്പുഴ ജില്ലാ കോടതിയെ സമീപിച്ചത്.
Also Read: സ്പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
അതേസമയം, പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 200 കേസുകളിൽ കൂടി പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. ജുഡീഷ്യൽ കസ്റ്റഡിയിലുളള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പത്തനംതിട്ട ജില്ലയിൽ ആയിരം കേസുകൾ രജിസ്റ്റർ ചെയ്തു. എല്ലാ കേസുകളിലും പ്രതികൾക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും.