പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര മേഖലയിൽ 1447 അറസ്‌റ്റ്

By Central Desk, Malabar News
Popular Front Hartal total Arrests In Kerala

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്‌ഥാന വ്യാപകമായി ഇന്ന് മാത്രം നടന്ന അറസ്‌റ്റുകൾ 233 ആണ്. ഇതോടെ ഹർത്താൽ ആക്രമത്തിൽ ആകെ അറസ്‌റ്റിലായവർ 2042 ആയി. 349 കേസുകളാണ് വിവിധ ജില്ലകളിൽ എടുത്തിട്ടുള്ളത്.

ഇതിൽ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോഡ് ഉൾപ്പെടുന്ന മലബാർ മേഖലയിൽ കേസുകളുടെ എണ്ണം 128ഉം അറസ്‌റ്റിലായവർ 595ഉമാണ്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ കേസുകൾ 214ഉം അറസ്‌റ്റിലായവർ 1447 പേരുമാണ്.

അതേസമയം എല്ലാതരം വര്‍ഗീയതകള്‍ക്കും എതിരെ മുസ്‌ലിംലീഗ് നടത്തുന്ന ആശയ പോരാട്ടം തുടരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും ഭൂരിപക്ഷ ന്യൂനപക്ഷ സൗഹൃദത്തിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ചയുണ്ടാകൂ എന്നതാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

മതസൗഹാര്‍ദ്ദത്തിന് മുസ്‌ലിംലീഗ് വലിയ മൂല്യം കല്‍പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ മുഖ്യ എതിരാളിയായി കാണുന്നത് മുസ്‌ലിംലീഗിനെയാണ്. ഐഡിയോളജിക്കലായും രാഷ്‍ട്രീയമായും അവരോട് പോരാടുന്ന സംഘടനയാണ് ലീഗ്. ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ചെയ്‌തത്‌ വന്‍ ദ്രോഹമാണ്. അതുകൊണ്ടാണ് അവരെ എതിര്‍ത്തത്. ഭൂരിപക്ഷ വര്‍ഗീയതക്കാണ് അവര്‍ വെള്ളവും വളവും നല്‍കുന്നത്.-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kunhalikutty on Popular Front Ban

ഇസ്‌ലാമില്‍ തീവ്രവാദമില്ലെന്നും മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിം സംഘടനയും പോപ്പുലര്‍ ഫ്രണ്ടിനെ അംഗീകരിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം ഭൂരിപക്ഷ വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്നതും അംഗീകരിക്കാനാവില്ല. -കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ആശയപരമായി ഇത്തരം സംഘടനകളെ എതിര്‍ക്കണം ആർഎസ്‌എസ് ഉള്‍പ്പെടെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ത്യയുടെ അഖണ്ഡത നിലനില്‍ക്കണം. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെയാണ് ചോദ്യം ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് വിലകല്‍പിച്ച് ഇന്ത്യക്കാര്‍ മുന്നോട്ട് പോകണമെന്നും അതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും അതിനെ നേരിടണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.

ജില്ലകൾ തിരിച്ചുള്ള കണക്ക്: 

രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ എണ്ണം, അറസ്‌റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍
തിരുവനന്തപുരം
50, 216
കൊല്ലം 42 , 311
പത്തനംതിട്ട -18, 137
ആലപ്പുഴ -16, 92
കോട്ടയം – 27, 410
ഇടുക്കി – 4, 36
എറണാകുളം – 25, 116
തൃശൂര്‍ – 33, 40
പാലക്കാട് – 7, 89
മലപ്പുറം – 34, 172
കോഴിക്കോട് 47, 159
വയനാട് – 6, 115
കണ്ണൂര്‍ – 35, 96
കാസർകോട് – 6, 53

Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE