മനാമ: നാല് പതിറ്റാണ്ടിൽ അധികമായി ബഹ്‌റൈനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന മലയാളിയായ ഡോ. എംആർ വൽസലൻ (76) അന്തരിച്ചു. കോവിഡ് ബാധിച്ച് സിത്ര ഫീൽഡ് ഐസിയുവിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
സൽമാനിയ മെഡിക്കൽ കോംപ്ളക്‌സ് ആക്‌സിഡന്റ് ആൻഡ് എമർജൻസി ചീഫ് റെസിഡന്റ് ആയിരുന്നു ഐദ്ദേഹം. കോവിഡ് ബാധയെ തുടർന്ന് ജൂൺ നാലിനാണ് ഇദ്ദേഹത്തെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് സിത്രയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുകയാണ്.
ചേർത്തല തുറവൂർ സ്വദേശിയായ ഡോ. വൽസലൻ 1974ലാണ് ബഹ്‌റൈനിൽ എത്തിയത്. തുടർന്ന് അന്നത്തെ താരതമ്യേന ചെറിയ ഹെൽത്ത് സെന്റർ മാത്രമായിരുന്ന സൽമാനിയയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് നാല് പതിറ്റാണ്ടോളം ആശുപത്രിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം ബഹ്‌റൈനിലെ പ്രവാസികൾക്ക് ഇടയിൽ പരിചിത മുഖമായിരുന്നു.
2012 മുതൽ പ്രധാനമന്ത്രിയുടെ പ്രത്യേക മെഡിക്കൽ ടീമിലും അംഗമായിരുന്നു ഇദ്ദേഹം. മക്കൾ: രാകേഷ് (ബിസിനസ്, ദുബായ്), ബ്രിജേഷ് (റേഡിയോളജിസ്‌റ്റ്, എറണാകുളം).
Read Also: ലക്ഷദ്വീപിൽ സിഎഎക്കെതിരെ ബോർഡ് സ്‌ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം