ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയെ സെപ്‌റ്റംബർ 24ന് വൈറ്റ്‌ഹൗസിലേക്ക് ക്ഷണിക്കുന്നുവെന്ന് യുഎസ് മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു. ബൈഡനുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയായതിനാൽ ഉഭയകക്ഷി യോഗത്തിലെ ചർച്ചകൾ നിർണായകമാകും.
യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനേയും പ്രധാനമന്ത്രി കാണും. സെപ്‌റ്റംബർ 23നാണ് കൂടിക്കാഴ്‌ച. ആഗോള ഭീകരവാദ ഭീഷണി, അഫ്‌ഗാൻ, കോവിഡ് നിയന്ത്രണം, കാലാവസ്‌ഥാ വ്യതിയാനം, ഇന്തോ- പസഫിക് പ്രശ്‌നം എന്നിവയാകും നേതാക്കളുമായി മോദി ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ. ഇതിന് ശേഷം ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടി വൈറ്റ്‌ഹൗസിൽ നടക്കും.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാനിലെ യോഷിഹിഡെ സുഗ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കയിൽ എത്തിയിട്ടുണ്ട്.
2019ൽ ഹൂസ്‌റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാനാണ് അവസാനമായി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചത്. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തിരുന്നു. ജോ ബൈഡനുമായി വിർച്വൽ കൂടിക്കാഴ്‌ചകളും ഫോൺ സംഭാഷണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത്.
Also Read: വാക്‌സിൻ കയറ്റുമതി; രാജ്യത്ത് അടുത്ത മാസം പുനഃരാരംഭിക്കും