ന്യൂഡെൽഹി: അടുത്ത മാസം മുതൽ രാജ്യത്ത് നിന്നും കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നത് പുനഃരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ പൗരൻമാർക്ക് തന്നെയാണ് വാക്‌സിനേഷനിൽ മുൻഗണന നൽകുകയെന്നും, അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമായിരിക്കും കയറ്റി അയക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്‌തമാക്കി.
കോവിഡ് രണ്ടാം തരംഗത്തിൽ സ്‌ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിൻ കയറ്റുമതി നിർത്തിവച്ചത്. ഏറെ വിമർശനങ്ങൾക്ക് ഒടുവിലാണ് അന്ന് വാക്‌സിൻ കയറ്റുമതി നടപടികൾ നിർത്തി വച്ചത്. അതേസമയം തന്നെ ഈ മാസം 24ആം തീയതി ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ഉച്ചകോടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വാക്‌സിൻ കയറ്റുമതി പുനഃരാരംഭിക്കുന്നത്.
രാജ്യാന്തര തലത്തിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ലോകത്ത് ഏറ്റവുമധികം വാക്‌സിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയോട് കയറ്റുമതി പുനഃരാരംഭിക്കാൻ യുഎസ് ആവശ്യപ്പെട്ടതെന്നു റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ വാക്‌സിനേഷന് വേഗം കൂടുകയും കോവിഡ് ഭീഷണി കുറയുകയും ചെയ്‌തതാണ് ഇപ്പോൾ കയറ്റുമതിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.
Read also: ശ്രദ്ധ ഭവാനിപൂരിൽ, ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ബിജെപി