പ്രിയ വര്‍ഗീസിന് യോഗ്യതയില്ല; ഹൈക്കോടതി

651 മാർക്കുകാരനെ തള്ളി 156 മാർക്കുണ്ടായിരുന്ന പ്രിയാ വർഗീസ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രഫസർ തസ്‌തികയിലെത്തിയ കേസിൽ സുപ്രധാന ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെകെ രാഗേഷിന്റെ പങ്കാളി പ്രിയാ വർഗീസാണ് ചട്ടങ്ങൾ മറികടന്ന് സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ പദവി നേടിയിരുന്നത്.

By Central Desk, Malabar News
Priya Varghese
Rep. Image
Ajwa Travels

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറഞ്ഞു. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല.

ലഭ്യമായ വിവരങ്ങളിൽ നിന്നും തെളിവുകളിൽ നിന്നും പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമുള്ളതായി കണക്കാക്കാൻ ആകില്ല. ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോസിയേറ്റ് പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വര്‍ഗീസ് അയോഗ്യയാണ്.

അധ്യാപകർ രാഷ്‌ട്ര നിർമാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു. പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗീസിന് ഇല്ലായിരുന്നുവെന്ന നിരീക്ഷണവും ഹൈക്കോടതി വിധിയിൽ നടത്തുന്നുണ്ട്. സ്‌റ്റുഡന്റ് സർവീസ് ഡയറ്കടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ലെന്നും എൻഎസ്‌എസ് കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു.

പ്രിയയുടെ നിയമനം ചോദ്യം ചെയ്‌തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്‌കറിയയുടെ ഹരജി നിലനിൽക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകൻ മാത്രമാണെന്നും സര്‍വകലാശാല രജിസ്‌ട്രാർ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്‌തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയിൽ വ്യക്‌തമാണെന്നും പറഞ്ഞു.

അസോസിയേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്‌കോറിൽ 156 മാർക്കോടെ ഏറ്റവും പിന്നിലായിരുന്നു പ്രിയ. അതേസമയം, റിസർച് സ്‌കോറിൽ ജോസഫ് സ്‌കറിയ 651 മാർക്കോടെ ഒന്നാമനായിരുന്നു. എന്നാൽ, 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസിന്റെ അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോൾ 651 മാർക്കുണ്ടായിരുന്ന ജോസഫ് സ്‌കറിയ രണ്ടാമതും റിസർച് സ്‌കോറിൽ 156 മാർക്കുണ്ടായ പ്രിയ ഒന്നാമതുമായി.

പ്രിയ വർഗീസിന് അഭിമുഖ പരീക്ഷയിൽ മാർ‌ക്ക് 32ഉം ജോസഫ് സ്‌കറിയക്ക് 30ഉം ആയിമാറി. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായപ്പോൾ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. തുടർന്നാണ് ലിസ്‌റ്റിൽ രണ്ടാമതായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ കേസുമായി കോടതിയിലെത്തിയത്.

ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഇന്നത്തെ വിധിപറഞ്ഞത്. പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. ലിസ്‌റ്റിൽ നിലനിർത്തണോ എന്നു പരിശോധിച്ച്‌ തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്‌റ്റിൽ തുടർനടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു.

Most Read: ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE