കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. അവസാന നിമിഷവും പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കുകയാണ് സ്‌ഥാനാർഥികൾ. കോൺഗ്രസ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി.
മാനന്തവാടിയിൽ ഹെലികോപ്‌ടർ മാർഗം എത്തിയ പ്രിയങ്കയെ നേതാക്കൾ സ്വീകരിച്ചു. ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. സുൽത്താൻ ബത്തേരി നായ്‌കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുത്തു. പിതൃസ്‌മരണയിൽ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തി.
പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. നാളെ പ്രിയങ്കയ്‌ക്കൊപ്പം രാഹുലും കലാശക്കൊട്ടിൽ പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടിൽ പങ്കെടുക്കുക.
എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. എൻഡിഎ സ്‌ഥാനാർഥി നവ്യ ഹരിദാസ് തിരുവമ്പാടി മണ്ഡലത്തിലും പര്യടനം നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥ് ജില്ലയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്‌റ്റൽ വോട്ടിങ്ങിനുള്ള അവസരം ഇന്ന് വൈകിട്ട് ആറുവരെ ആയിരുന്നു.
Most Read| ആളുകളെ പരസ്യമായി വെറുപ്പിലേക്ക് നയിക്കലാണ് അമിത് ഷായുടെ ലക്ഷ്യം; മുഖ്യമന്ത്രി