ചേലക്കര: ചേലക്കര മണ്ഡലം പിടിച്ചെടുക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് വർഗീയത അഴിച്ചുവിടുകയാണ്. സംഘപരിവാർ ആക്രമണത്തിന് ഇരയാകേണ്ടി വന്നവരാണ് ക്രൈസ്‌തവർ. എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെത്. ആളുകളെ പരസ്യമായി വെറുപ്പിലേക്ക് നയിക്കലാണ് അമിത് ഷായുടെ ലക്ഷ്യം. പച്ചയായ വർഗീയത പറഞ്ഞാൽ രാഷ്‌ട്രീയ ലാഭമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അമിത് ഷായുടെ ഉദ്ദേശ്യം വ്യക്‌തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. ഒരു വർഗീയ സംഘർഷവുമില്ലാത്ത നാടാണ് കേരളം. കഴിഞ്ഞ എട്ടര വർഷമായി കേരളത്തിൽ ഒരു വർഗീയ ലഹളയും ഉണ്ടായിട്ടില്ല. വർഗീയതയ്‌ക്ക് എതിരായ സർക്കാരിന്റെ നിലപാടാണ് അതിന് കാരണം. മുഖം നോക്കാതെ വർഗീയ ശക്‌തികൾക്കെതിരെ നിലപാട് സ്വീകരിച്ച സർക്കാരാണിത്. സംസ്‌ഥാനത്ത് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയുമുണ്ട്. വിട്ടുവീഴ്‌ചയില്ലാതെ രണ്ടിനെയും എതിർക്കുകയാണ് സർക്കാർ നയം”- മുഖ്യമന്ത്രി പറഞ്ഞു.
2021ൽ സ്വാഭാവികമായ അധികാര മാറ്റമുണ്ടാകുമെന്ന് യുഡിഎഫ് കരുതി. അതിനുവേണ്ടി ബിജെപിയും യുഡിഎഫും കൈവിട്ട പല നീക്കങ്ങളും നടത്തി. കോൺഗ്രസ് പലഘട്ടങ്ങളിൽ ബിജെപിയുമായി ചങ്ങാത്തം സ്‌ഥാപിച്ചവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തൃശൂരിൽ 2024 ആയപ്പോൾ 2019നേക്കാൾ 80,000ത്തോളം വോട്ടുകൾ കാണാനില്ല. ആ വോട്ടുകൾ ബിജെപിക്ക് ഒപ്പം ചേർന്നപ്പോഴാണ് അവർ ജയിച്ചത്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ