തന്റെ സ്വത്ത് ജപ്‌തി ചെയ്‌തത്‌ എന്തിന്? 62കാരനായ മൊയ്‌തീൻകുട്ടിക്ക് അറിയില്ല!

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കടുത്ത വിരോധമുള്ളയാളും കേരള മുസ്‌ലിം ജമാഅത്ത് അംഗവുമായ, മിക്ച്ചർ കച്ചവടം ചെയ്‌ത്‌ ഉപജീവനം നടത്തുന്ന 62കാരൻ മൊയ്‌തീൻകുട്ടിയുടെ സ്വത്ത് പിഎഫ്‌ഐ ഹർത്താലിന്റെ പേരിൽ എന്തിന് ജപ്‌തി ചെയ്യുന്നു? ഹമീദ് തിരൂരങ്ങാടിയുടെ റിപ്പോർട്.

By Central Desk, Malabar News
Property confiscated - Palliyali Moideenkutty dont know why this
പള്ളിയാളി മൊയ്‌തീൻകുട്ടി

മലപ്പുറം: പിഎഫ്‌ഐ ഹർത്താലിന്റെ പേരിൽ ചെമ്മാട് സികെ നഗറിലെ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നത് എന്തിന്? നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം ചോദിക്കുന്നത് ഈ ചോദ്യമാണ്.

ആറ് മക്കളുടെ പിതാവായ, പ്രായാധിക്യം മൂലം നടക്കാൻ പോലും പ്രയാസപ്പെടുന്ന ഈ 62കാരൻ കേരള മുസ്‌ലിം ജമാഅത്ത് അംഗമാണ്. മറ്റൊരു സംഘടനയുമായും ഇതുവരെ യാതൊരു ബന്ധവും ഇദ്ദേഹത്തിനില്ല എന്നത് നാട്ടിലെ എല്ലാവർക്കും അറിയാം. മാത്രവുമല്ല, പിഎഫ്‌ഐയുമായി കടുത്ത വിരോധമുള്ള വ്യക്‌തി കൂടിയാണ് ഇദ്ദേഹമെന്ന് മൊയ്‌തീൻകുട്ടിയെ അറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

20 വർഷത്തിലേറെയായി വീട്ടിൽ വെച്ച് മിക്ച്ചർ ഉണ്ടാക്കി കടകളിൽ വിതരണം ചെയ്‌ത്‌ ഉപജീവനം നടത്തുന്ന ഈ സാധരണ മനുഷ്യൻ എങ്ങിനെയാണ് ഭരണകൂട ഭീകരതക്ക് ഇരയായതെന്ന് നാട്ടുകാർക്ക് പോലും അതിശയമാണ്. മുമ്പ് തമിഴ് നാട്ടിലെ തിരുപ്പൂരിൽ മിക്ച്ചർ കച്ചവടം ചെയ്‌തിരുന്നു. പിന്നീട് ഏതാനും വർഷം സൗദിയിൽ പപ്പടം വിൽക്കലായിരുന്നു ജോലി.

വർഷങ്ങൾക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സമരങ്ങൾ നടന്നപ്പോൾ ചെമ്മാട് വിവിധ രാഷ്‌ട്രീയ-മത സംഘടനകളുടെ നേതൃത്വത്തിൽ സംയുക്‌തമായി നടന്ന റാലിയിലാണ് ഇദ്ദേഹം അവസാനമായി പങ്കെടുത്തത്. നാട്ടിലെ നബിദിന റാലിയിൽ പങ്കെടുക്കാറുണ്ടെങ്കിലും കൂടുതൽ നടക്കാൻ കഴിയാത്തതിനാൽ നാലു വർഷത്തിലേറെയായി ഇതിൽപോലും പങ്കെടുക്കാറില്ലെന്ന് മൊയ്‌തീൻകുട്ടി പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ എന്നാണ് നടന്നതെന്ന് പോലും ഇദ്ദേഹത്തിന് വ്യക്‌തമായി അറിയില്ല. പിന്നെ എന്തിന്റെ പേരിലാണ് തന്റെ സ്വത്ത് ജപ്‌തി ചെയ്യുന്നതെന്ന് മൊയ്‌തീൻകുട്ടി ചോദിക്കുമ്പോൾ അധികൃതർക്കും വ്യക്‌തമായ ഉത്തരമില്ല. ഹർത്താലുമായി ബന്ധപ്പെട്ട് പോലീസ് കേസോ മറ്റുവല്ല നോട്ടീസോ മൊയ്‌തീൻകുട്ടിക്ക് ഇതേവരെ ലഭിച്ചിട്ടുമില്ല.

പക്ഷേ ഇദ്ദേഹത്തിന് ജപ്‌തി നോട്ടീസ് ലഭിച്ചു! ഇതിൽ പറയുന്നത്; ‘സ്വകാര്യ / പൊതുമുതൽ നഷ്‍ടപരിഹാര കുടിശിക സംബന്ധിച്ച് നിങ്ങൾ അടക്കേണ്ട കുടിശിക 5.2 കോടി രൂപ അടക്കുന്നതിൽ വീഴ്‌ച വരുത്തിയിരിക്കയാൽ പള്ളിയാളി മൊയ്‌തീൻകുട്ടി എന്നയാളായ നിങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഉത്തരവ് ഉണ്ടാകുന്നത് വരെ താഴെ പറയുന്ന സ്‌ഥാവര സ്വത്തുക്കൾ കൈമാറ്റം ചെയ്യുകയോ ബാധ്യതപ്പെടുത്തുകയോ ചെയ്യുന്നതിൽ നിന്നും ഇതിനാൻ നിരോധിച്ചു കൊണ്ടും നിയന്ത്രിച്ചു കൊണ്ടും ഉത്തരവായിരിക്കുന്നു.

അപ്രകാരമുളള കൈമാറ്റം ചെയ്യലിൽ നിന്നോ ബാധ്യതപ്പെടുത്തലിൽ നിന്നോ യാതൊരു വധവിധ ലാഭമുണ്ടാക്കുന്നതിൽ നിന്നോ നിരോധിച്ചു കൊണ്ടും ഉത്തരവായികൊള്ളുന്നു. പ്രസ്‌തുത കുടിശിക പലിശയും നടപടിച്ചെലവും സഹിതം 15 ദിവസത്തിനകം അടക്കുന്നില്ലെങ്കിൽ താഴെ പറയുന്ന സ്‌ഥാവര സ്വത്തുക്കൾ നിയമപ്രകാരം വിൽപന നടത്തുന്നതാണെന്നും ഇതിനാൽ ഉത്തരവാകുന്നു എന്നാണ് നോട്ടീസിൽ പറയുന്നത്.

Property confiscated - Palliyali Moideenkutty dont know why this

ജില്ലാ കലക്‌ടർ അധികാരപ്പെടുത്തിയ തിരൂരങ്ങാടി തഹസിൽദാറുടെ ഉത്തരവ് ജനുവരി 20നാണ് അധികൃതർ മൊയ്‌തീൻകുട്ടിക്ക് കെെമാറിയിട്ടുളളത്. യാതൊരുവിധ അറിയിപ്പും ഇതുമായി ബന്ധപ്പെട്ട് മുമ്പ് ലഭിച്ചിട്ടില്ലാത്ത മൊയ്‌തീൻകുട്ടി കുടിശിക അടക്കുന്നതിൽ വീഴ്‌ചവരുത്തിയെന്ന് നോട്ടീസിൽ പറയുന്നു!

നിരപരാധിയായ ഇദ്ദേഹം തന്റെ നിരപരാധിത്വം വ്യക്‌തമാക്കി ജില്ലാ കലക്‌ടർക്കും പോലീസ് മേധവിക്കും പരാതി നൽകിയിട്ടുണ്ട്. നീതി ലഭ്യമാക്കാൻ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വവും രംഗത്തുണ്ട്. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാർ തലങ്ങളിലും മറ്റും മുസ്‌ലിം ജമാഅത്ത് നിവേദനവും നൽകിയിട്ടുണ്ട്.

Property confiscated - Palliyali Moideenkutty dont know why this
പള്ളിയാളി മൊയ്‌തീൻകുട്ടി

സർക്കാർ തലത്തിൽ ഇടപെടൽ നടക്കുന്നതായി അധികൃതർ കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്‌ഥ തലങ്ങളിൽ വന്ന ഗുരുതര പാളിച്ച കാരണമാണ് ഈ ജപ്‌തി നോട്ടീസ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണം നടത്തിയതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. പരിശോധിച്ച് പരിഹാരം കാണുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. വെെകാതെ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനും തന്റെ സ്വത്ത് തനിക്ക് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലുമാണ്‌ മൊയ്‌തീൻകുട്ടി.

Related: നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE