വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കളമശേരി സ്‌ഫോടനക്കേസിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസ്.

By Trainee Reporter, Malabar News
rajeev chandrasekhar
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
Ajwa Travels

കൊച്ചി: സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശേരി സ്‌ഫോടനക്കേസിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്. കൊച്ചി സൈബർ സെൽ എസ്ഐ പ്രമോദ് വൈടിയുടെ പരാതിയിലാണ് കേസ്.

സാമൂഹിക മാദ്ധ്യമത്തിൽ മതസ്‌പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു ഐപിസി 153 (കലാപാഹ്വാനം) , 153എ (വിദ്വേഷം വളർത്തുക) എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമൂഹിക മാദ്ധ്യമത്തിൽ മതസ്‌പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ. കളമശേരി സ്‌ഫോടനം സംബന്ധിച്ച് കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ അടിസ്‌ഥാനത്തിലാണ്‌ കേസ്.

‘ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്‌ജാവഹമായ പ്രീണന രാഷ്‌ട്രീയത്തിന്റെ ഒരുദാഹരണം കൂടിയാണ് കളമശേരിയിൽ ഇന്ന് കണ്ടത്. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്‌ത്യാനികൾക്ക് എതിരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡെൽഹിയിൽ ഇസ്രയേലിന് എതിരെ പ്രതിഷേധിക്കുകയാണ്’- എന്ന പരാമർശമാണ് കേന്ദ്രമന്ത്രി നടത്തിയത്.

കൂടാതെ, അന്ന് രാത്രി തന്നെ മറ്റൊരു പോസ്‌റ്റിലൂടെ ഇതേ ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചിരുന്നു. സർക്കാരിനെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെയും കേന്ദ്രമന്ത്രി പോസ്‌റ്റിട്ടിരുന്നു. കേരളത്തിൽ ജിഹാദിന് ആഹ്വാനം ചെയ്യാനും തീവ്രവാദികളായ ഹമാസിനെ ക്ഷണിച്ചു സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതിനുമുള്ള കോൺഗ്രസ്, സിപിഎം, യുപിഎ, ‘ഇന്ത്യ’ സഖ്യത്തിന്റെ നാണംകെട്ട പ്രവർത്തികളുടെ ഫലം കൂടിയാണിതെന്ന വർഗീയ പരാമർശവും ചന്ദ്രശേഖർ നടത്തിയിട്ടുണ്ട്.

സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി സംസാരിക്കുന്നത് പോലെയല്ല, വിടുവായൻ പറയുന്നത് പോലെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല ഇത്തരം പരാമർശങ്ങളെന്നും ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്‌ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read| മെസിയല്ലാതെ പിന്നെയാര്! ബലോൻ ദ് ഓർ പുരസ്‌കാര തിളക്കത്തിൽ ഫുട്‌ബോൾ ഇതിഹാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE