കേരള മുസ്‌ലിം ജമാഅത്ത്‌ നൽകിയ ‘ദാറുൽഖൈറിൽ’ റഫീഖും കുടുംബവും ഇനി സ്വസ്‌ഥം

By Desk Reporter, Malabar News
kerala muslim jamaath _ Darul Khair
റഫീഖിന് വേണ്ടി കേരള മുസ്‌ലിം ജമാഅത്ത് പൂർത്തീകരിച്ച വീട്
Ajwa Travels

നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത്‌ അതിന്റെ കാരുണ്യകരങ്ങൾ കൊണ്ട് ചേർത്ത് നിറുത്തിയപ്പോൾ കരിമ്പുഴ പാത്തിപ്പാറ പൂന്തല റഫീഖിന്റേയും കുടുംബത്തിന്റെയും ദീർഘകാല സ്വപ്‌നമാണ് പൂർത്തിയായത്. ഭയമില്ലാതെ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരു കുടുംബത്തിന്റെ അവകാശമാണ് കേരള മുസ്‌ലിം ജമാഅത്ത്‌ സാധ്യമാക്കിയത്.

കഴിഞ്ഞ പ്രളയത്തിൽ തന്റെ വീടും കുടുംബവും ദുരിതത്തിലായപ്പോഴും സഹജീവികൾക്ക് വേണ്ടി എല്ലാം മറന്നു പ്രവർത്തിച്ച റഫീഖിന് ഇനി സമാധാനമായി ഉറങ്ങാം.

ഏത് സമയത്തും അപകടം കവർന്നെടുക്കാവുന്ന നിലയിൽ ഉണ്ടായിരുന്ന തന്റെ കൂരയാണ് 1000 ചതുരശ്ര അടിയുള്ള ഒരു ഭവനമാക്കി പുനർനിർമിച്ചത്. കൂലിപ്പണിക്കാരനായ എനിക്ക് കേരള മുസ്‌ലിം ജമാഅത്തും അതിനുകീഴിലുള്ള എസ്‌വൈഎസും നൽകിയ പിന്തുണ വാക്കുകൾക്ക് അതീതമാണ്. ഇവരില്ലായിരുന്നുവെങ്കിൽ ഈ വീടെനിക്ക് ഉണ്ടാകുമായിരുന്നില്ല. എന്നാൽ സാധിക്കുന്ന സാമ്പത്തികം ഞാൻ ചെയ്‌തു. ബാക്കിയെല്ലാം എസ്‌വൈഎസും കേരള മുസ്‌ലിം ജമാഅത്തുമാണ് നോക്കിയത്‘; റഫീഖ് മലബാർ ന്യൂസിനോട് പറഞ്ഞു.

മാത്രവുമല്ല, പലസംഘടനകളും ഉണ്ടാക്കി കൊടുക്കുന്ന വീടുകൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ കേരള മുസ്‌ലിം ജമാഅത്ത് ഒരു ബാധ്യത തീർക്കാൻ ഉണ്ടാക്കുന്ന രീതിയിലല്ല വീട് പൂർത്തീകരിച്ചത്. ഒരു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്ള ആയിരം ചതുരശ്ര അടിയോളം വരുന്നതാണ് ഈ വീട്. എല്ലാ പണികളും ഉന്നത നിലവാരത്തിലാണ് തീർത്തിരിക്കുന്നത്. അതിനൊക്കെ ഞാൻ മഹാനായ നാഥനോടും എസ്‌വൈഎസ്‌ പ്രവർത്തകരോടും നന്ദി പറയുകയാണ്“; റഫീഖ് പറഞ്ഞു നിറുത്തി.

നാട്ടിലെ സാമൂഹിക കാര്യങ്ങളിലും മാനുഷിക മൂല്യങ്ങളെ അടിസ്‌ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും തനിക്ക് സാധ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന റഫീഖിന്റെ വീടും കുടുംബവും നിലമ്പൂരിലും പരിസരങ്ങളിലും കഴിഞ്ഞ വർഷമുണ്ടായ മഹാ പ്രളയത്തിന് ഇരയായിരുന്നു. മൺകട്ടയും മറ്റും ചേർത്ത് നിർമിച്ചിരുന്നു. ആ കൂര ഒലിച്ചു പോയില്ലെങ്കിലും റഫീഖിന് പിന്നീടെപ്പോഴും ഭയമായിരുന്നു. ഇനിയൊരു പ്രളയം വന്നാൽ പ്രദേശത്തെ തന്നെ മോശം വീടുകളിൽ ഒന്നായ തന്റെ വീട് ഒലിച്ചുപോകുമോ എന്ന ഭയം. ആ ഭയത്തിനാണ് എസ്‌വൈഎസ്‌ പരിഹാരം കണ്ടത്.

കേരള മുസ്‌ലിം ജമാഅത്തിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിലമ്പൂരിൽ പൂർത്തീകരിച്ച രണ്ടാമത്തെ വീടാണിത്. നേരത്തെ വഴിക്കടവിൽ മറ്റൊരു വീട് സമർപ്പണം നടത്തിയിരുന്നു. സംസ്‌ഥാന കമ്മിറ്റിക്ക് കീഴിൽ കവളപ്പാറയിൽ വിപുലമായ കുടിവെള്ള പദ്ധതിയുൾപ്പെടെ സംവിധാനിക്കുന്ന 13 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.

വയനാട് പുത്തു മലയിലും സമാനമായ പ്രവർത്തനം നടന്ന് വരുന്നു. പൊതു ജനങ്ങളും പ്രസ്‌ഥാന പ്രവർത്തകരായ നാട്ടിലെയും മറുനാട്ടിലെയും മനുഷ്യ സ്‌നേഹികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഇത്തരം ധാർമിക പ്രവർത്തികൾ ഞങ്ങൾക്ക് പൂർത്തിക്കരിക്കാനാകുന്നത്; എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറി ജമാൽ കരുളായി പറഞ്ഞു.

kerala muslim jamaath _ House key handover function
വീടിന്റെ താക്കോൽദാനം

ഉപജീവനം പാടെ തകർന്ന ചെറുകിട കച്ചവടക്കാർക്ക് ഉപജീവനമാർഗ്ഗമായി ‘മഈശ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തട്ടുകടകൾ ഒരുക്കികൊടുക്കുന്നുണ്ട്. മൂന്ന് പേർക്ക് നിലവിൽ കൊടുത്ത് കഴിഞ്ഞു. കൂടാതെ ശുചീകരണം, വീട് റിപ്പയറിംഗ് , സാമ്പത്തികസഹായം, ഭക്ഷ്യവസ്‌തുക്കൾ, വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവയും ഞങ്ങൾ അർഹരായ ആളുകൾക്ക് എത്തിക്കുന്നുണ്ട്.

നാട്ടിലെ സംഘടനകളും ആളുകളും നൽകുന്ന സഹായവും കൂടാതെ കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള‌ പ്രവാസി ഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ വിവിധ നാഷണൽ കമ്മിറ്റികളുടെ പിന്തുണയുമാണ് ഇത്തരം ധാർമിക പ്രവർത്തികൾക്ക് കരുത്ത് പകരുന്നത്; ജമാൽ കരുളായി വ്യക്‌തമാക്കി.

വീടിന്റെ സമർപ്പണം ഹൃദ്യവും ലളിതവുമായ ചടങ്ങിലാണ് നടന്നത്. മുതിർന്ന നേതാവായ സികെയു മൗലവി മോങ്ങം പ്രാർഥനാ നിർഭരമായ ചടങ്ങിന് നേതൃത്വം നൽകി. ‘ദാറുൽ ഖൈർ’ എന്ന പേര് അർഥമാക്കുന്നത് പോലെ എന്നെന്നും സമാധാനവും നൻമയും നിലനിർത്താൻ വീട്ടുടമസ്‌ഥർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് സികെയു മൗലവി കുടുംബത്തിനെ ഉപദേശിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജില്ലാ നേതാക്കളായ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, പികെഎം സഖാഫി ഇരിങ്ങല്ലൂർ, കെടി അബ്‌ദു റഹ്‌മാൻ, കെപി ജമാൽ കരുളായി, ഉമർ മുസ്‌ലിയാർ തുടങ്ങിയവരും നിലമ്പൂർ സോൺ നേതാക്കളായ അക്ബർ ഫൈസി ,ശൗക്കത്ത് സഖാഫി, സാദിഖ്ഹാജി, ഹംസ സഖാഫി, സുലൈമാൻ ദാരിമി, ഹൈദറലി തങ്ങൾ, അൻവർ വല്ലപ്പുഴ എന്നിവരും വീടിന്റെ താക്കോൽ ദാനസമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

Most Read: തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE