ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്കാ ഗാന്ധി ഉറപ്പ് നൽകി. കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും അവരുടെ ശബ്‌ദം ഇല്ലാതാക്കാൻ ഒരു ശക്‌തിക്കും സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിയമപോരാട്ടത്തിൽ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
യുപി ഭരണകൂടം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കെ.സി വേണുഗോപാൽ, ലോക്‌സഭാ കക്ഷി നേതാവ് അധീർ ചൗധരി, മുകുൾ വാസ്‌നിക് എന്നിവർക്ക് ഒപ്പമാണ് രാഹുലും പ്രിയങ്കയും ഹത്രസിൽ എത്തിയത്. ഇന്ന് വൈകിട്ടാണ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പോലീസ് ഇരുവർക്കും അനുമതി നൽകിയത്. വഴിയിൽ വെച്ച് പോലീസ് തടഞ്ഞെങ്കിലും പിന്നീട് പോകാൻ അനുമതി നൽകുകയായിരുന്നു.
മുപ്പതോളം കോൺഗ്രസ് എംപിമാരും നിരവധി പ്രവർത്തകരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. രാഹുലിന്റെ വഴി തടയാൻ നേരത്തെ തന്നെ ഡെൽഹി നോയിഡ പാത യോഗി സർക്കാർ അടച്ചിരുന്നു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി കോൺഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിൽ ആക്കുകയും കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
हाथरस के पीड़ित परिवार के प्रश्न:
1. सुप्रीम कोर्ट के जरिए पूरे मामले की न्यायिक जाँच हो
2. हाथरस DM को सस्पेंड किया जाए और किसी बड़े पद पर नहीं लगाया जाए
3. हमारी बेटी के शव को बगैर हमसे पूछे पेट्रोल से क्यों जलाया गया?
4. हमें बार-बार गुमराह किया, धमकाया क्यों जा रहा है? 1/2— Priyanka Gandhi Vadra (@priyankagandhi) October 3, 2020
യുപി സർക്കാരും പോലീസും ഹത്രസ് പെൺകുട്ടിയോടും കുടുംബത്തോടും പെരുമാറിയത് സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു. യുപി സർക്കാർ അഴിമതി നിറഞ്ഞതാണ്. പെൺകുട്ടിക്ക് വേണ്ട ചികിത്സ ലഭിച്ചില്ല. അവളുടെ പരാതി കൃത്യ സമയത്ത് രജിസ്റ്റർ ചെയ്‌തില്ല. മൃതദേഹം ബലമായി സംസ്‌കരിച്ചു. കുടുംബം ബന്ധനത്തിലാണ്. അവരെ അടിച്ചമർത്തുകയാണ്- പ്രിയങ്ക ട്വീറ്റിൽ കൂട്ടിച്ചേർത്തു.