തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കാണ് സാധ്യത. നാളെയോടെ മഴ കൂടുതൽ ശക്‌തി പ്രാപിക്കും.
നാളെയും മറ്റന്നാളും ഇടുക്കിയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ, തമിഴ്‌നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് മുൻകരുതൽ എടുക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
Most Read: നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന്; പ്രതിയെ കോടതിയിൽ ഹാജരാക്കും