രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്‌റ്റംസ്‌

By Esahaque Eswaramangalam, Chief Editor
  • Follow author on
Raju Abraham MLA
രാജു എബ്രഹാം എംഎൽഎ
Ajwa Travels

തിരുവനന്തപുരം: കസ്‌റ്റംസിനെതിരെ സിപിഎം നിയമ സഭയില്‍ നൽകിയ അവകാശലംഘന നോട്ടിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല എന്നും ബന്ധപ്പെട്ട നോട്ടീസോ മറ്റോ ലഭിച്ചാൽ തന്നെ അതിന് മറുപടി നൽകാനുള്ള സാധ്യത തീരെയില്ലെന്നും കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥൻ മലബാർ ന്യൂസിനോട് പറഞ്ഞു.

“നിയമപരമായി എല്ലാ കാര്യങ്ങളും പലവട്ടം ആലോചിച്ചാണ് ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. വിശേഷിച്ചും ‘ഡിപ്ളോമാറ്റിക്’ സ്‌റ്റാറ്റസ്‌ ഉള്ള ആളുകളെയും പൊളിറ്റിക്കൽ പിന്തുണയുള്ള ആളുകളെയും വിളിപ്പിക്കുന്നതിന് മുൻപ് പല നിലയിലുള്ള കൂടിയാലോചനകൾ നടക്കും. അതിനു ശേഷമാണ് വിളിപ്പിക്കുക. കോടതികളെ ബോധ്യപ്പെടുത്താൻ കഴിയുന്ന സംശയങ്ങളും മറ്റും നില നിൽക്കുന്നതിനാൽ ആണ് ഇതുവരെ വിളിപ്പിച്ച എല്ലാവരെയും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് വിധേയമായ എല്ലാവർക്കും അത് ബോധ്യപ്പെട്ടിട്ടും ഉണ്ട്. അത് കൊണ്ടാണ് അവർ കസ്‌റ്റംസിന് എതിരെ‌ നിയമ നടപടികളിലേക്ക് കടക്കാത്തത്.

പിന്നെ ഇത്തരം ആളുകളെ വിളിപ്പിക്കുമ്പോൾ അവരും അവരുടെ പാർട്ടിയും പരമാവധി പ്രതിരോധിക്കാൻ ശ്രമിക്കും. ചോദ്യം ചെയ്യലിന് വിധേയമായാലും അണികളെ ബോധ്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാർട്ടിക്കാർ പിന്നെയും തുടരും. കസ്‌റ്റംസിനെതിരെ നിയമ സഭയില്‍ സമര്‍പ്പിച്ച അവകാശ ലംഘന നോട്ടീസും ആ ഗണത്തിലുള്ള ഒരു രാഷ്‌ട്രീയ പ്രതിരോധം മാത്രമാണ്. അത് കൊണ്ട് തന്നെ അത് മറുപടി അർഹിക്കുന്ന ഒന്നായിരിക്കില്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. ഉദ്യോഗസ്‌ഥൻ തുടർന്നു.

ഭരണഘടനാപരമായ സവിശേഷ പരിരക്ഷ വളരെ ചെറിയ പദവിയായ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കില്ല എന്നത് അടിസ്‌ഥാന നിയമവശങ്ങൾ അറിയാവുന്ന ഏതൊരാൾക്കും മനസിലാക്കാവുന്ന കാര്യമാണ്. എന്നിട്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസിഫ്, മജിസ്ട്രേറ്റ്, സബ് ജഡ്‌ജി, ജില്ലാ ജഡ്‌ജി എന്നീ നിലകളിൽ പ്രവർത്തിച്ച്‌ വിരമിച്ച, 20 വർഷത്തിലധികം ജുഡിഷ്യൽ സർവീസിൽ പരിജ്‌ഞാനമുള്ള നിയമസഭാ സെക്രട്ടറി, അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ഒരാളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമ്പോൾ ഇത്തരമൊരു കത്തയച്ച് അതിനെ തടയാൻ ശ്രമിച്ചാൽ നൽകേണ്ട സ്വാഭാവിക മറുപടിയാണ് നൽകിയത്. ഉദ്യോഗസ്‌ഥൻ കൂട്ടിച്ചേർത്തു.

Faisal Fareed, Swapna Suresh, Sarith kumar_Malabar News
ഇടത്ത് നിന്ന് ആദ്യം; ഫൈസൽ ഫരീദ്, സരിത്ത് കുമാർ, സ്വപ്‌ന സുരേഷ്

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസറ്റംസ്‌ പലവട്ടം ഫോണിലൂടെയും രണ്ട് തവണ നോട്ടീസ് വഴിയും വിളിപ്പിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം ഇന്നലെ ഹാജരാകുകയും 8 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് വിധേയമാകുകയും ചെയ്‌തു.

ഹാജരാകാനുള്ള ആദ്യ നോട്ടീസ് ലഭിച്ച സമയത്ത് ഹാജരാകാൻ സ്‌പീക്കറുടെ അനുമതി ആവശ്യമാണെന്നും നിയമസഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളില്‍ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ഉണ്ടെന്ന ചട്ടം ചൂണ്ടിക്കാട്ടിയും കസ്‌റ്റംസിന് നിയമസഭാ സെക്രട്ടറി എസ്‌വി ഉണ്ണികൃഷ്‌ണൻ കത്ത് നൽകിയിരുന്നു.

ഇതിന് കസ്‌റ്റംസ്‌ ജോയിന്റ് കമ്മിഷണര്‍ നല്‍കിയ മറുപടിയില്‍ ‘നിയമസഭാചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല’ എന്ന് പരാമര്‍ശിച്ചിരുന്നു. നിയമസഭാ സെക്രട്ടറിയുടെ കത്തിന് നല്‍കിയ ഈ മറുപടി കസ്‌റ്റംസ് മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നും അതിലൂടെ വിവരം ശേഖരിക്കാന്‍ വിളിച്ചുവരുത്തിയ ആളെ കുറ്റവാളിയായി ചൂണ്ടിക്കാട്ടിയെന്നുമാണ് പത്തനംതിട്ട എംഎൽഎയും സിപിഐഎം നേതാവുമായ രാജു എബ്രഹാം പുതുതായി നിയമ സഭയില്‍ സമര്‍പ്പിച്ച അവകാശലംഘന നോട്ടിസിൽ പറയുന്നത്. സ്‌പീക്കറേയും സഭയേയും അവഹേളിച്ചെന്നും നോട്ടിസില്‍ പറയുന്നുണ്ട്.

ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെയും യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെയും അടിസ്‌ഥാനത്തിലാണ് കെ അയ്യപ്പനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌.

Most Read: ഇതാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്; ഇസ്‌ലാം മതം സ്വീകരിച്ചതിനെ കുറിച്ച് എആര്‍ റഹ്‌മാന്‍

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE