മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഫിറോസിന് എതിരെ കെടി ജലീൽ വിവാദ പരാമർശം നടത്തിയത്. ലീഗ് പ്രവർത്തകനെ കോൺഗ്രസിന്റെ വേഷം കെട്ടിച്ച സങ്കരയിനമാണ് തന്റെ എതിർ സ്‌ഥാനാർഥി എന്നായിരുന്നു ജലീലിന്റെ പരാമർശം. ഇതിന് എതിരെയാണ് ഇപി രാജീവ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയത്.
ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് ജലീൽ വിമർശനം ഉന്നയിച്ചത്. അദ്ദേഹം യൂത്ത് ലീഗുകാരനാണെന്നും ഒരു സങ്കരയിനം സ്‌ഥാനാർഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജലീൽ പറഞ്ഞിരുന്നു.
മന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ വംശീയ അധിക്ഷേപമാണന്ന് പറയുന്ന പരാതിയിൽ സമൂഹത്തിൽ ചേരിതിരിവ് സൃഷ്‌ടിക്കാനുള്ള ശ്രമത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നു.
കഴിഞ്ഞ രണ്ട് തവണയും കെടി ജലീൽ വിജയിച്ചു കയറിയ തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ കൂടി പ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂടേറിയിരിക്കുകയാണ്. 2011ല്‍ 6854ഉം 2016ല്‍ 17064ഉം ആയിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ഫിറോസിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് ജലീൽ നേരത്തെ പറഞ്ഞിരുന്നു.
Also Read: സംസ്‌ഥാനത്ത് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും