ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല അഭിഭാഷകനായി. അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക വെമുല ട്വീറ്റ് ചെയ്‌തു. സര്‍വകലാശാലയിലെ ജാതി വിവേചനത്തെ തുടര്‍ന്ന് രോഹിത് വെമുല ആത്‌മഹത്യ ചെയ്യുകയായിരുന്നു.
‘രാജാ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും,പോരാടും. ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്. അവനെ അനുഗ്രഹിക്കണം. ജയ് ഭീം ‘ രാധിക വെമുല ട്വീറ്റ് ചെയ്‌തു.
2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്‌മഹത്യ ചെയ്‌തത്. അംബേദ്കര്‍ സ്‌റ്റുഡന്റ്സ് അസോസിയേഷന്‍ അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതി വിവേചനങ്ങള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കുമെതിരെ ശക്‌തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികാരികള്‍ രോഹിതിനെ വേട്ടയാടിയിരുന്നു എന്ന് സുഹൃത്തുക്കള്‍ വ്യക്‌തമാക്കിയിരുന്നു.
രോഹിതിന്റെ മരണം രാജ്യവ്യാപക പ്രതിഷേധത്തിനാണ് വഴിവച്ചത്. രോഹിത് വെമുലയുടെ മരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്റെ രക്‌തസാക്ഷികളാണ് രോഹിത് വെമുല, ഫാത്തിമ ലത്തീഫ് തുടങ്ങിയ വിദ്യാര്‍ഥികള്‍.
Read also: ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും