‘ബാഹുബലി’ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ചിത്രം ‘ആര്‍ആര്‍ആര്‍’ തിയേറ്ററുകളിൽ നിന്നും പണം കൊയ്യുന്നു. തെലുങ്കിലെ രണ്ട് സൂപ്പര്‍ താരങ്ങളായ രാംചരണും ജൂനിയര്‍ എന്‍ടിആറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കളക്ഷനിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്.
മാര്‍ച്ച് 25ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതിന് പിന്നാലെ റെക്കോഡ് കളക്ഷനാണ് ‘ആര്‍ആര്‍ആര്‍’ നേടുന്നത്. ലോകമെമ്പാടുനിന്നും ആദ്യദിനം തന്നെ 200 കോടിയിലധികമാണ് ചിത്രം നേടിയത്.
തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. ഹിന്ദി പതിപ്പ് 23 കോടിയും കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും നേടിയപ്പോൾ മലയാളത്തിൽ 4 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്.
കളക്ഷന്റെ കാര്യത്തില്‍ അടുത്തിടെ പുതിയ റെക്കോഡുകള്‍ കുറിച്ച ‘ദി കശ്‌മീർ ഫയല്‍സി’നേയും ഇപ്പോൾ ‘ആര്‍ആര്‍ആര്‍’ മറികടന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും വേഗത്തില്‍ 200 കോടി കടന്ന ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡ് ഏറെ വിവാദങ്ങൾക്ക് കൂടി വഴിവെച്ച ‘ദി കശ്‌മീര്‍ ഫയല്‍സ്’ സ്വന്തമാക്കിയിരുന്നു. എന്നാലിപ്പോൾ രണ്ടാഴ്‌ച കൊണ്ട് ‘ദി കശ്‌മീര്‍ ഫയല്‍സ്’ നേടിയ റെക്കോഡ് ഒറ്റദിവസം കൊണ്ട് ആര്‍ആര്‍ആര്‍ മറികടന്നിരിക്കുകയാണ്.
അതേസമയം ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരുമെന്നാണ് വിവരം. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. നിലവിൽ യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഡിവിവി എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം. അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്‌റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവകരിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്‌ക്ക് തിരക്കഥയൊരുക്കിയത് രാജമൗലി തന്നെയാണ്.
Most Read: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ ‘മിത്ര’; പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും