തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നാളെ മുതൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്‌ഥത കൊണ്ടല്ല ശമ്പളം മുടങ്ങിയതെന്നും, ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളമില്ലാതെയാണ് ഇത്തവണത്തെ വിഷുവും, ഈസ്‌റ്ററും കെഎസ്ആർടിസി ജീവനക്കാർ ആഘോഷിച്ചത്. ഏപ്രിൽ പാതി കഴിഞ്ഞിട്ടും മാർച്ച് മാസത്തിലെ ശമ്പളം നൽകാൻ ഇതുവരെ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ലെന്ന ആരോപണമാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
ഇന്ന് മുതൽ ശമ്പളം നൽകി തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇതാണ് ഇപ്പോൾ നാളെയിലേക്ക് മന്ത്രി നീട്ടിയത്. ശമ്പള വിതരണത്തിനായി 30 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ 82 കോടി രൂപയാണ് ശമ്പള വിതരണത്തിന് മാത്രം വേണ്ടതെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. ഇതേ തുടർന്നാണ് ഇപ്പോൾ ബാക്കി തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം വിതരണം ചെയ്യാനൊരുങ്ങുന്നത്.
Read also: പ്രതിദിന കേസുകളിൽ 90 ശതമാനം വർധന; രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു