സൗദി കെ എം സി സി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു

By Desk Reporter, Malabar News
Saudi KMCC disbursed benefits worth Rs 5.5 crore
സൗദി കെ.എം.സി.സിയുടെ ജീവകാരുണ്യ നിധി വിതരണോത്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Ajwa Travels

മലപ്പുറം: സൗദി കെ എം സി സി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്‌തു. പാണക്കാട് വെച്ച് നടന്ന ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിജിറ്റൽ മീഡിയാ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കാളികളായത്.

ചന്ദ്രന്‍, സുബ്രമണ്യന്‍, കബീര്‍ അബ്ദുല്‍ ഹമീദ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപയുടെ ചെക്കുകള്‍ നല്‍കിയാണ് ഉൽഘാടനം നിർവഹിച്ചത്. ഇവർ മൂന്നു പേരും സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വെച്ച് മരണപ്പെട്ടവരാണ്. ഈ കുടുംബങ്ങളുടെ ദുരിതങ്ങളെ ലഘൂകരിക്കാൻ ഈ തുക അവർക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ മഹത്തായ കർമ്മത്തിലേക്ക് അവരവരുടെ സമ്പാദ്യത്തിൽ നിന്ന് ചെറുതും വലുതുമായ സംഭാവനകൾ നൽകി പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി കെ എം സി സി അതിന്റെ ജീവകാരുണ്യ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇന്ന് വിതരണം ചെയ്‌തത്‌. നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ കോവിഡ് 19 ബാധിച്ച 22 പേരടക്കം മരണപ്പെട്ട എണ്‍പത്തി ഒന്ന് പേരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപവീതവും, പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് ഇന്ന് വിതരണം ചെയ്‌തത്‌; പ്രസ്‌താവനയിൽ ഭാരവാഹികൾ വിശദീകരിച്ചു.

Kerala News: മുടിനാരിഴ പോലും തെറ്റ് ചെയ്‌തിട്ടില്ല; ജലീൽ

സൗദി മണലാരണ്യത്തിൽ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുർബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി അംഗത്വം നല്‍കുന്ന പരസ്‌പര സഹായ സംവിധാനമാണ്‌ സാമൂഹ്യ സുരക്ഷാ പദ്ധതി. കഴിഞ്ഞ ആറര വർഷത്തിനിടയിൽ ഇരുപത് കോടിയോളം രൂപയാണ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്‌തത്‌. സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരിൽ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവർത്തിച്ച് വരുന്നുണ്ട്.

സുരക്ഷാ പദ്ധതിയുടെ 2021 വർഷത്തെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ഒക്റ്റോബര്‍ ഒന്നിന് ആരംഭിച്ച്‌, ഡിസംബർ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയിൽ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികൾ സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേന നടപടികൾ പൂർത്തീകരിക്കണം . MyKMCC.Org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗത്വം പുതുക്കുവാൻ സാധിക്കുന്നതാണ്.

സൗദി അറേബ്യയിൽ വെച്ച് മൂന്നു വർഷം തുടർച്ചയായി പദ്ധതിയിൽ അംഗമായിട്ടുള്ളവരും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ വരുമായിട്ടുള്ളവർക്ക് നാട്ടിൽ നിന്നും 2021 പദ്ധതിയിൽ അംഗത്വം നൽകുന്നതാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി 8075580007 എന്ന നമ്പറിലോ കോഴിക്കോടുള്ള കെ.എം.സി.സി കേരള ട്രസ്റ്റിന്റെ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്; സംഘടനാ ഭാരവാഹികൾ പ്രസ്‌താവനയിലൂടെ വിശദീകരിച്ചു.

കെ.പി മുഹമ്മദ്‌ കുട്ടി അദ്ധ്യക്ഷം വഹിച്ചു. കെ.പി.എ മജീദ്‌, ഉബൈദുള്ള എം.എല്‍.എ, അബ്ദുല്‍ ഹമീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി.വി ഇബ്രാഹീം എം.എല്‍.എ, യു.എ നസീര്‍ (യു.എസ്.എ കെ.എം.സി.സി), മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.ഹംസ സാഹിബ്, സൗദി കെ.എം.സി.സി ചെയര്‍മാന്‍ ഇബ്രാഹീം മുഹമ്മദ്‌, അഷ്‌റഫ്‌ വേങ്ങാട്ട്, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി, തുടങ്ങിയവര്‍ സംസാരിച്ചു. നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും, കേരള കോ-ഓർഡിനേറ്റർ റഫീഖ് പാറക്കൽ നന്ദിയും പറഞ്ഞു.

Also Read: നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീൻ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE