മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയായ ‘മിന്നൽ മുരളി’യുടെ ബോണസ് ട്രെയ്‌ലർ പുറത്ത് വിട്ട് നെറ്റ്ഫ്ളിക്‌സ് ഇന്ത്യ. ഭയവും, നിഗൂഢതയും, പ്രതികാരവും ഒക്കെ വരച്ചു കാട്ടുന്ന പുതിയ ട്രെയ്‌ലർ തീർത്തും വ്യത്യസ്‌തമാണ്.
നേരത്തെ ഇറങ്ങിയ ടീസർ, ട്രെയ്‌ലറുകൾ എന്നിവയിൽ നിന്ന് അൽപം കൂടി ത്രില്ലർ മൂഡിലേക്ക് മാറിയതാണ് ഇന്നത്തെ ബോണസ് ട്രെയ്‌ലർ. ഗുരു സോമസുന്ദരം അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്റെ ശബ്‌ദത്തോടെയാണ് ട്രെയ്‌ലർ മുൻപോട്ട് പോവുന്നത്. അതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് പുതിയ അപ്‍ഡേറ്റിനെ നോക്കി കാണുന്നത്.
അതേസമയം, ‘ഗോദ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഹിന്ദിയിൽ ‘മിസ്‌റ്റർ മുരളി’യെന്നും തെലുങ്കിൽ ‘മെരുപ്പ് മുരളി’യെന്നും കന്നഡയിൽ ‘മിഞ്ചു മുരളി’യെന്നുമാണ് ചിത്രത്തിന് പേര്.
വീക്കെൻഡ് ബ്ളോക്ക്ബസ്‌റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ‘മിന്നൽ മുരളി’ ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാൻ ആണ്. ഡിസംബർ 24നാണ് ചിത്രം പ്രദർശനത്തിന് എത്തുക.
Read Also: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ