ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്‌ടി വരുമാനം 1,31,526 രൂപയോളമാണ്. ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചത്.
കേരളത്തിന്റെ ജിഎസ്‌ടി വരുമാനത്തിൽ 36 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ചരക്ക് സേവന നികുതിയായി (സിജിഎസ്‌ടി) 23,978 കോടി രൂപയും സംസ്‌ഥാന ചരക്ക് സേവന നികുതിയായി (എസ്‌ജിഎസ്‌ടി) 31,127 കോടി രൂപയുമാണ് ലഭിച്ചത്.
ഇതുകൂടാതെ, സംയോജിത ചരക്ക് സേവന നികുതി വരുമാനം 66,815 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച തുകയായ 31,127 കോടി രൂപയുൾപ്പെടെ) രൂപയോളം ലഭിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ച വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളായി നികുതി വരുമാനം പിന്നോട്ട് പോയിരുന്നു. അടച്ചിടൽ പിൻവലിച്ച് നിയന്ത്രണങ്ങൾ നീക്കി തുടങ്ങിയതോടെയാണ് ഇതിൽ മാറ്റമുണ്ടായത്.
Read Also: ‘കൃത്യമായ കണക്കില്ല’; കർഷകർക്ക് നഷ്‌ട പരിഹാരം നൽകില്ലെന്ന് കൃഷി മന്ത്രി