ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍ വായ്‌പ പദ്ധതിക്കായി വിശദമായ പ്രൊജക്‌ട് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.

മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്‌പ അനുവദിക്കുക. കൂടാതെ സംസ്‌ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകളുടെ വിശദമായ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി വായ്‌പാ തുകയുടെ 70 ശതമാനം പ്രാരംഭ ഘട്ടത്തില്‍ നല്‍കും. ബാക്കി വരുന്ന 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് അനുസരിച്ച് ലഭിക്കും.

സമൂഹത്തില്‍ നിരവധിയായ അവഗണനകള്‍ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്‌ഥാനം കേരളമാണ്.

പോളിസിയുടെ ഭാഗമായി ഇവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സംസ്‌ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ളാൻ തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്‌.

കൂടാതെ കടുത്ത മാനസിക പ്രയാസങ്ങളും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്ന ഇവരെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വായ്‌പാ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്.

കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് സ്വയം തൊഴില്‍ വായ്‌പാ ധനസഹായ പദ്ധതിയുടെ നടത്തിപ്പിനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്‌തമാക്കി.

ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ അടങ്ങിയ പ്രൊജക്‌ട് പ്രൊപ്പോസല്‍ തയ്യാറാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാനേജിംഗ് ഡയറക്‌ടർ, കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍ തിരുവനന്തപുരം- 695003 എന്ന മേല്‍ വിലാസത്തിലോ [email protected] എന്ന ഇ-മെയിലില്‍ സ്‌കാന്‍ ചെയ്‌തോ ഒക്ടോബര് 15ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി. വി.സി. ബിന്ദു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2727668 എന്ന നമ്പറില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE