തീരം തൊടാനൊരുങ്ങി ‘നിവാർ’; ചെമ്പരമ്പാക്കം ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

By News Desk, Malabar News
Chembarambakkam Lake: 1000 cusecs of water to be released at 12 pm
Ajwa Travels

ചെന്നൈ: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെമ്പരമ്പാക്കം ഡാം തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ള്യുഡി അധികൃതർ അറിയിച്ചു. ‘നിവാർ’ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ ചെമ്പരമ്പാക്കം നിറഞ്ഞുകവിഞ്ഞതിനാലാണ് തുറന്ന് വിടാൻ തീരുമാനിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. നീരൊഴുക്ക് കുറവായതിനാൽ അഡയാർ ഭാഗത്തെ താമസക്കാർ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാവിലെ 8 മണിയോടെ ഡാമിലെ ജലനിരപ്പ് 21.65 അടി ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാനുള്ള നടപടി ആരംഭിച്ചത്. അഡയാർ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങൾ ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളം നേരെ അഡയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂർ, വൽസരവാക്കം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക ദൗത്യവുമായി എൻജിനീയർമാരെയും എക്‌സിക്യൂട്ടീവ് എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്.

സൈദാപ്പേട്ടിൽ നിന്ന് 150ഓളം ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കോട്ടൂർപൂരത്തെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതോളം പേരെയും മാറ്റിപാർപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകളാണ് ചെന്നൈ നഗരത്തിൽ മാത്രം സജ്ജമാക്കിയിരിക്കുന്നത്. തെയ്‌നാംപേട്ട്, അഡയാർ, കോടമ്പാക്കം, എന്നീ പ്രദേശങ്ങളിൽ നിന്ന് 300ഓളം പേരും ഇവിടേക്ക് എത്തിയിട്ടുണ്ട്.

2015ൽ ചെന്നൈ നഗരത്തിൽ നാശം വിതച്ച പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുള്ള ഡാമുകൾ കൃത്യസമയത്ത് തുറന്ന് വിടാതിരുന്നത് കൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ. അന്നത്തെ വീഴ്‌ച ആവർത്തിക്കാതിരിക്കാൻ കനത്ത മുൻകരുതലുകളാണ് തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് അർധരാത്രിയോടെയോ നാളെ പുലർച്ചയോടെയോ നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ നിവാർ തമിഴ്‌നാടിന്റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പൊതുഅവധിയാണ്.

Also Read: തമിഴ്നാട്ടില്‍ മഴ തുടരുന്നു; നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE