തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയോടുള്ള പ്രധാന മന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ്ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച.
പദ്ധതിക്ക് കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഒദ്യോഗികമായി കൂടിക്കാഴ്‌ച നടത്താൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. എന്നാൽ അനൗദ്യോഗികമായി അദ്ദേഹവുമായി സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സിൽവർലൈനിനെ കുറിച്ച് റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിസ്‌ഥിതി സൗഹൃദയാത്ര സർക്കാർ ഉറപ്പ് നൽകുന്നതായും വ്യക്‌തമാക്കി. കേരളത്തിൽ ഗതാഗതത്തിന് വേണ്ടിവരുന്ന അധിക സമയമാണ് പ്രശ്‌നമെന്നും പദ്ധതിയെ എതിർക്കുന്നവർ പോലും വേഗത കൂടിയ യാത്രാ സംവിധാനം വേണമെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും പ്രത്യേക ലൈൻ; ഗതാഗത നിയന്ത്രണം കർശനമാക്കി ഡെൽഹി