തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്‌റ്റ് ചെയ്‌തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി തന്നെയാണ് സംഭവത്തിൽ പരാതി നൽകിയത്.
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആയമാർക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവെച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുട്ടിയെ മുറിവേൽപ്പിച്ചത്. മറ്റു രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.
സ്‌ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നുപറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയത്. പരിശോധനയിൽ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയം പോലീസ് കുട്ടിയെ പരിചരിച്ച ആയമാരെ ചോദ്യം ചെയ്‌തു.
തുടർന്നാണ് കിടക്കയിൽ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ചെന്ന വിവരം പുറത്തറിയുന്നത്. അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ചു വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. രണ്ടര വയസുകാരി സ്‌ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിന്റെ പേരിൽ കുട്ടിയുടെ ശരീരത്തിൽ നഖം പതിപ്പിച്ച് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!