തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആശുപത്രി സേവനം നിര്‍ബന്ധമാക്കുമെന്ന രീതിയിലുള്ള വാര്‍ത്തകളില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വകുപ്പ് വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഇതുവരെയും ഇത് നടപ്പാക്കിയിട്ടില്ല. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം ലഭിക്കുന്ന മുറക്ക് ഈ വ്യവസ്‌ഥകള്‍ നടപ്പിലാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിച്ചു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം സംസ്‌ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ ശക്‌തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കും. ലൈസന്‍സ് ഇല്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിശോധനയില്‍ വിട്ടുവീഴ്‌ചയുണ്ടാക്കില്ലെന്നും വകുപ്പ് വ്യക്‌തമാക്കി.
ലൈസന്‍സ്, ഹെല്‍മെറ്റ് തുടങ്ങിയവ നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ വിട്ടുവീഴ്‌ച ഉണ്ടാകില്ല. സേഫ് കേരള എന്ന പദ്ധതിയുടെ ഭാഗമായാകും പരിശോധനകള്‍ വ്യാപകമാക്കുക. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പടെ ക്യാമറകളും മറ്റു ക്രമീകരണങ്ങളും ഒരുക്കിയുള്ള പരിശോധനകളാകും നടത്തുക. ജനുവരിയോടെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ക്രമീകരിക്കും. ഇതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്.
Read also: വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്