‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ

By News Desk, Malabar News

ചെന്നൈ: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്‌ട്രീയ എതിരാളികളാണ് ഇടതു പാർട്ടിക്കാർ. എന്നാൽ, സേലത്ത് നിന്ന് ഇപ്പോൾ പുറത്തുവന്ന വാർത്തയറിഞ്ഞ ജനങ്ങൾ അതിശയിച്ച് നിൽക്കുകയാണ്. ‘സോഷ്യലിസം’ മമതാ ബാനർജിയെ വിവാഹം കഴിച്ചു. ഞെട്ടേണ്ട, സംഗതി സത്യമാണ്. തമിഴ്‌നാട്‌ സേലത്താണ് കൗതുകകരമായ വിവാഹം നടന്നത്. വധൂ വരൻമാരുടെ പേരിലെ കൗതുകം കാരണം നേരത്തെ തന്നെ ഈ വിവാഹം ദേശീയ ശ്രദ്ധ നേടിയിരുന്നു.

സേലത്തെ സിപിഐ ജില്ലാ സെക്രട്ടറി എ മോഹനൻ എന്ന ലെനിൻ മോഹനന്റെ ഇളയ മകനാണ് എഎം സോഷ്യലിസം. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണ് തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേർന്ന് നിൽക്കുന്ന പേരിടാൻ തീരുമാനിച്ചതെന്ന് മോഹനൻ പറയുന്നു. 18ആം വയസ് മുതൽ പാർട്ടിയോടൊപ്പം നിൽക്കുന്ന മോഹനൻ തന്റെ മകന് വേണ്ടി തിരഞ്ഞെടുത്ത പേരാണ് ‘സോഷ്യലിസം’.

കുടുംബത്തോടൊപ്പം സോഷ്യലിസവും മമതയും

അതേസമയം, കഥാനായികയുടെ സ്‌ഥിതി നേരെ തിരിച്ചാണ്. കോൺഗ്രസ് അനുഭാവികളുടെ കുടുംബത്തിൽ നിന്നാണു വധു മമതയുടെ വരവ്. മമതാ ബാനർജി പശ്‌ചിമ ബംഗാളിന് വേണ്ടി ചെയ്‌ത നല്ല കാര്യങ്ങളിൽ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകൾക്കു നൽകിയതെന്ന് വധുവിന്റെ കുടുംബവും പറയുന്നു.

ഇവരുടെ വിവാഹക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പേരിലെ കൗതുകമറിഞ്ഞ ആളുകൾ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു വിവാഹചടങ്ങുകൾ. രക്‌തഹാരത്തിന് പകരം താലിമാല.കാര്‍മികനായി സിപിഐ സംസ്‌ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍. കതിര്‍മണ്ഡപത്തിലേക്കു കയറുന്നതിന് മുൻപ് വീടിനു മുന്നില്‍ ചെങ്കൊടിയുര്‍ത്തി മുഷ്‌ടി ചുരുട്ടി മുദ്രാവാക്യങ്ങൾ വിളിച്ചു. വിവാഹത്തിന് സാക്ഷിയായി കമ്യൂണിസവും ലെനിനിസവും ഒപ്പം തന്നെയുണ്ടായിരുന്നു. സോഷ്യലിസത്തിന്റെ മൂത്ത സഹോദരങ്ങളാണ് കമ്യൂണിസവും ലെനിനിസവും.

സ്‌കൂൾ കാലഘട്ടത്തിലുണ്ടായ ചെറിയ പ്രശ്‌നങ്ങൾ ഒഴിച്ചാൽ മക്കളെല്ലാം വെറൈറ്റി പേരുകളിൽ ഹാപ്പിയാണെന്നാണ് മോഹനൻ പറയുന്നത്. ദിവസങ്ങളായി ഉറ്റുനോക്കുന്ന വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. സോഷ്യലിസത്തിനും മമതാ ബാനർജിക്കും ആശംസകൾ നേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളാണ് എത്തുന്നത്.

Also Read: അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി; അതിക്രമം എംഎൽഎയുടെ നേതൃത്വത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE