കശ്മീര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനിടെ (ആന്റി ടെറര്‍ ഓപ്പറേഷന്) ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. തുടര്‍ന്ന്, ലഷ്കര്‍-ഇ-തൊയിബയിലെ (എല്‍ഇടി) മൂന്ന് തീവ്രവാദികളെ വെടിവെച്ച് കൊന്നു.
തെക്കന്‍ കശ്മീരിലെ സദൂറ പ്രദേശത്ത് സുരക്ഷാ സേന ഇന്നലെ രാത്രി ആന്റി ടെറര്‍ ഓപ്പറേഷന് നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ തീവ്രവാദി സംഘടനയിലെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.സുരക്ഷാ സേനയിലുണ്ടായിരുന്ന വ്യക്തിയും വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.
കേന്ദ്രഭരണ പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനമാണിത്. ഇതുവരെ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാളെ ഷോപിയന്‍ ജില്ലയിലെ കിലൂറ പ്രദേശത്ത് വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിലാണ് പിടികൂടിയത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടുപേര്‍ ബിജെപിയുമായി ബന്ധപ്പെട്ട പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്.